പൂർവ്വകാമുകീ, നിനക്കായെന്റെ സമരലേഖനം.

(ഇജ്ജ് ഒരു പ്രേമലേഖനമെഴുതാന്‍ ബെരുന്നോ..? (A Sweet Revenge to Hindu Maha Sabha) എന്ന പ്രതിഷേധത്തിന് വേണ്ടി എഴുതിയത്…  പ്രതിഷേധത്തിന്റെ പേജിൽ പബ്ലിഷ് ചെയ്തത് കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.)

പണ്ട് പണ്ട്,
ചുംബന സമരത്തിനും ആലിംഗന സമരത്തിനും മുൻപ്,
ഡസ്ക്കുകൾക്കും ബഞ്ചുകൾക്കും ബ്ലാക്ക് ബോർഡിനും ഇടയിലുള്ള ഏതോ ഒരു ബിന്ദുവിൽ വച്ച്,
രണ്ടു ജീവാത്മാക്കൾ പ്രണയത്തിലായി.

പൂർവ്വകാമുകീ,
നീ ഓർമ്മിക്കുമെങ്കിൽ…

മൊബൈൽ ഫോണ്‍ ദൂരത്തെ കീഴടക്കാൻ തുടങ്ങിയ ആ കാലത്ത്,
നിനക്കെഴുതാൻ പറ്റാതെ പോയ പ്രണയലേഖനമാണ്,
ഇന്നിവിടെ കുറിച്ചിടുന്നത്.

പ്രണയമെന്ന് നീയും പറഞ്ഞ,
മഴപെയ്ത ആ ദിവസത്തിന് ശേഷം വന്ന,
ഒരു പ്രണയദിനമേ നമ്മൾ ഒരുമിച്ചുണ്ടായിരുന്നുള്ളൂ…
അന്ന് പക്ഷെ നമ്മൾ,
ഒരു ആശംസ പോലും പരസ്പരം കൈമാറിയില്ല.
ഞാൻ ഓർക്കുന്നു.
“പ്രണയിക്കാനായി ഒരു പ്രത്യേക ദിനം വേണ്ട”,
എന്നോ മറ്റോവാണ് നമ്മൾ അന്ന് പറഞ്ഞത്.
അങ്ങനെ തന്നെയല്ലേ പറഞ്ഞത്?
അതെ.

നമ്മുടെ ചിന്തകൾ ഒരേപോലെ സഞ്ചരിക്കുന്നതിൽ,
അന്നും ഞാൻ അഭിമാനംകൊണ്ടിരുന്നു.
നിന്നോട് പറഞ്ഞില്ല, പക്ഷെ.
പറയാതെ തന്നെ നീ അറിയുന്നുവെന്ന് തോന്നി.

പ്രണയവും കുടുംബവും തൂക്കിനോക്കി നീ,
കനം കുറഞ്ഞ പ്രണയത്തിന്റെ തട്ടിൽ,
എന്നെ ഒറ്റയ്ക്കാക്കി പോയ ദിവസം,
ലോകം ഹിരോഷിമയെ ഓർത്ത് അറുപത്തിമൂന്നാം വട്ടം കരയുകയായിരുന്നു.
അന്ന് ഞാൻ ഹിരോഷിമയെ ഓർത്തില്ല.
പക്ഷെ കരഞ്ഞു.
അന്ന് കരഞ്ഞുവെന്നു പറയുന്നതിൽ എന്നിലെ മെയിൽ ഷാവനിസ്റ്റിനു ഇന്നും കുറച്ചിലാണ്.
പോട്ടെ. സാരമില്ല.

ഞാൻ അറിയുന്നു.
അന്നെന്റെ ശരികളെക്കാൾ വില നിന്റെ ശരികൾക്കുണ്ടായിരുന്നു.

നമ്മൾ, നീയും ഞാനുമായി ഒഴുകിത്തുടങ്ങിയിട്ട്,
കാലമിത്ര കഴിഞ്ഞിട്ടെത്തിയ ഈയൊരു നാൾ,
നിനക്കായി ഞാനിവിടെ
എന്തിനിത് കുറിച്ചിടുന്നു എന്ന് നീ അറിയണം.
പൂർവ്വകാമുകീ, നീ അറിയണം.

മൌനത്തിലൂടെ,
പരിമിതമായ സംഭാഷണത്തിലൂടെ,
നമ്മൾ പരസ്പരം അറിഞ്ഞ നാളുകളെപ്പറ്റി ഓർക്കുക.
ഒടുവിൽ പിരിയുന്ന നാൾ വരെ,
നമ്മൾ അറിഞ്ഞിരുന്നോ,
നമ്മൾ രണ്ട് ജാതിക്കാർ ആയിരുന്നുവെന്ന്?

ഞാൻ അറിഞ്ഞിരുന്നില്ല. നീയും അറിഞ്ഞിരുന്നില്ല.

ഒടുവിൽ എനിക്കിന്നും ദഹിക്കാത്ത സമവാക്യങ്ങളാൽ,
നമ്മൾ, നീയും ഞാനുമായി തരംതിരിക്കപ്പെട്ടപ്പോൾ,
ഞാൻ ഒരു തീരുമാനമെടുത്തിരുന്നു.
ഇനിയൊരു ഭിന്നിപ്പിനും അനുകൂലമായ മൌനം അറിഞ്ഞുകൊണ്ട് ഞാനെടുക്കില്ല എന്ന്!

അന്ന് മുതൽ,
നിനക്കായി അന്ന് എഴുതാൻ കഴിയാതെപോയ പ്രണയലേഖനം എഴുതുന്ന,
ഈ നിമിഷം വരെ,
ഏതുതരം ഭിന്നിപ്പിനെതിരെയും ഞാൻ നിലകൊള്ളുന്നു.
അതിനെന്നെ പഠിപ്പിച്ചത് നീയാണ്.
നിനക്കുള്ള നന്ദി പറച്ചിൽ കൂടിയാണിത്.
എന്റെ വാക്കുകൾ നീ മനസ്സിലാക്കുമെന്ന് ഞാനറിയുന്നു.

പൂർവ്വകാമുകീ,
നീയും ഞാനും ഇനിയുമീ നിരന്തര മൌനത്തിനിരുപുറം നില്ക്കുമെങ്കിലും,
പ്രണയിക്കരുതെന്ന ഫത്വക്ക് മുന്നിൽ ഇനിയുമൊരുപാട് പ്രണയിച്ച് ഞാൻ നമ്മളെ ജയിപ്പിക്കും.
ഇവിടെ മൌനം മരണമാണ്.
അതുകൊണ്ട് തന്നെ പ്രണയിക്കും!
ജീവിക്കും!

സ്നേഹപൂർവ്വം…

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w