മിസ്റ്റർ കേജ്രിവാൾ, നിങ്ങളെ വിശ്വസിക്കാൻ തോന്നുന്നു!

കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിനിടക്ക് കാലാകാലങ്ങളായി കമ്മ്യൂണിസം പറഞ്ഞു നടന്ന ഒരു സുഹൃത്ത്, മോഡിക്ക് വേണ്ടി സംസാരിക്കുന്നത് കാണാൻ ഇടയായി. “മുസ്ലീം ലീഗ്” എന്നെ ബീജെപ്പിക്കാരൻ ആക്കിയെന്നായിരുന്നു കിട്ടിയ മറുപടി. എല്ലായിടത്തും നടക്കുന്ന ന്യൂനപക്ഷ പ്രീണനംമൂലം ഇവിടുത്തെ ഭൂരിപക്ഷം അവഗണന നേരിടുന്നു എന്നായിരുന്നു വാദം. വിഭാഗീയതയെ തടുക്കാൻ ഹിന്ദുക്കൾ സംഘടിക്കേണ്ടി വരും എന്നും അതാണ്‌ മോഡിയിലേക്ക് നയിച്ചതെന്നും ആ “പഴയ” കമ്മ്യൂനിസ്റ്റുകാരൻ പറഞ്ഞു.

എന്നെ അദ്ഭുതപ്പെടുത്തിയത് ഇത്ര നാൾ (കമ്മ്യൂണിസ്റ്റ് ആയിരുന്നപ്പോൾ) ആ സുഹൃത്തിനെ നയിച്ചുകൊണ്ടിരുന്ന മതേതരമൂല്യങ്ങൾ എന്തായിരുന്നു എന്നതായിരുന്നു. അല്ലെങ്കിൽ എത്ര വേഗമാണ് മതേതര ചിന്തയിലേക്ക് വിഭാഗീയ ചിന്ത ഇരച്ചു കയറിയത്! പണ്ട് തിരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്യാനിറങ്ങുന്ന അമ്മയോടും ചേച്ചിയോടും “നമ്മുടെ ചിഹ്നം അരിവാൾ ചുറ്റിക നക്ഷത്രം” എന്ന് പറഞ്ഞിറങ്ങിയ അച്ഛനും, അടുത്തിടെ പറയുന്നത് കേട്ടു. “എന്തൊക്കെ പറഞ്ഞാലും ഏറ്റവും സഹിക്കുന്ന ജനസമൂഹം ഹിന്ദുക്കൾ ആണ്.” എന്ത് എവിടെ എന്നൊന്നും ചോദിയ്ക്കാൻ ഞാൻ നിന്നില്ല. എങ്കിലും അവിടെയും ശ്രദ്ധിച്ചത് മുൻപേ പറഞ്ഞ കാര്യം തന്നെ. മതേതര ചിന്തകൾ എവിടെ പോകുന്നു? വിഭാഗീയത എങ്ങനെ ഇങ്ങനെ വളരുന്നു?

കേരളത്തിന്റെ മണ്ണിൽ ബീജെപ്പി പോലെ വർഗ്ഗീയ അജണ്ടയുള്ള പാർട്ടികൾക്ക് വളർച്ച വൈകിപ്പിച്ചതിൽ കമ്മ്യൂണിസ്റ്റ് ചിന്താഗതിക്ക് ചെറുതൊന്നുമല്ല പങ്ക്. എന്നാൽ ഇന്നലെകളിൽ അത്ര ഫലവത്തായി വിഭാഗീയതയെ ചെറുത്ത കമ്മ്യൂനിസ്റ്റുകാർ, ഇന്ന് റൂട്ട് ലെവലിൽ വിഭാഗീയതയെ എന്തുകൊണ്ട് ചെരുക്കുന്നില്ല എന്ന ചോദ്യം പ്രസക്തമാണ്. മോഡി സർക്കാർ വന്ന ശേഷമുള്ള ഒളിഞ്ഞും തെളിഞ്ഞുമുള്ള വിഭാഗീയ-വർഗ്ഗീയ അഭിപ്രായപ്രകടനങ്ങളെക്കാൾ വിഷമിപ്പിച്ചത് “വള്ളിക്കാവ് അമ്മയെ” പ്രകീർത്തിച്ച് ആയമ്മയുടെ ജന്മദിനത്തിൽ സഖാവ് അച്യുതാനന്ദൻ നടത്തിയ ആശംസാ വീഡിയോ കണ്ടപ്പോഴാണ്. സഖാവ് പിണറായി വള്ളിക്കാവ് ആശ്രമത്തിനു എതിരെ എടുത്ത നട്ടെല്ലുള്ള നിലപാട് മറക്കുന്നില്ല എങ്കിലും, ഏറിവരുന്ന വർഗ്ഗീയ വിഭാഗീയ ചിന്തകൾക്ക് എതിരെ എത്രമാത്രം കാര്യക്ഷമമായി ആളുകളെ പഠിപ്പിക്കാൻ, എട്യൂക്കേറ്റ് ചെയ്യാൻ, കമ്മ്യൂണിസത്തിന് സാധിക്കുന്നുണ്ട് എന്ന കാര്യത്തിൽ ചോദ്യചിഹ്നങ്ങൾ ഏറെയാണ്‌.

കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഈ പ്രശ്നങ്ങളെ വരും ദിവസങ്ങളിൽ ശക്തമായി അഭിസംബോധന ചെയ്യുമെന്നാണ് ഞാൻ വിചാരിക്കുന്നത്. (ചുമ്മാ വിചാരിക്കാല്ലോ!) നിലവിൽ അതിനുള്ള ലക്ഷണങ്ങൾ ഒന്നും കാണുന്നില്ലെങ്കിലും, കാലഘട്ടത്തിന്റെ ആവശ്യമായി പാർട്ടി അതിനെ തിരിച്ചറിയുമെന്നു തന്നെ കരുതുന്നു. കേരളത്തിൽ ആഴത്തിൽ വേരോട്ടം ഉള്ള മറ്റൊരു പാര്ട്ടിയിലും അങ്ങനെ ഒരു പ്രതീക്ഷ പോലും വച്ച് പുലർത്തേണ്ടതില്ല എന്നുള്ളതുകൊണ്ടാണ് കമ്മ്യൂണിസ്ടുകാരെ മാത്രം വിമര്ശിച്ചത് എന്ന് പ്രത്യേകം പറഞ്ഞു തരെണ്ടാതില്ലല്ലോ!

ഈ സാഹചര്യത്തിൽ ആം ആദ്മി ഡൽഹിയിൽ നേടുന്ന വിജയം പ്രതീക്ഷ നല്കുന്നുണ്ട്. ഇന്ത്യ മുഴുവൻ ഞങ്ങളുടെ കൂടെ ഉണ്ടെന്നു പറഞ്ഞ വർഗ്ഗീയ കക്ഷികൾക്ക്, ആ കൂടെനിൽപ്പിന്റെ യഥാർഥ വശം കാണിക്കുകയാണ് ആം ആദ്മിയുടെ വിജയം. ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ, മനസ്സിൽ പോലും നില്ക്കാതത്ര വലിയ സംഖ്യകളുടെ അഴിമതികൾ കണ്ടു ക്ഷീണിച്ച ഒരു ജനതയ്ക്ക് മുന്നിൽ, എന്ത് തന്നെ കാണിച്ചാലും ഇല്ലെങ്കിലും ബാക്കിയായ ഒരേ ഒരു ഓപ്ഷൻ ആയ ബീജെപ്പി ജയിക്കുമായിരുന്നു. ആ ജയം ചരിത്രപരമായത് നരേന്ദ്ര മോഡി എന്നയാളുടെ കഴിവുകൊണ്ട് തന്നെയാണ്. അതിൽ പ്രധാനമായും രണ്ടു കാര്യങ്ങളാണ് എടുത്തു പറയേണ്ടത്.

1. മൂകനായ മുൻപ്രധാനമന്ത്രിയിൽ നിന്നും വ്യത്യസ്തനായ, വാക്ചാതുരിയുള്ള ഒരു നേതാവ് എന്ന ഗുണം

2. കോടികൾ ചെലവഴിച്ചു നടത്തപ്പെട്ട നുണകളും അർദ്ധസത്യങ്ങളും പ്രചരിപ്പിച്ച രണ്ടു വർഷത്തോളം(അതോ അതിലധികമോ) നീണ്ടു നിന്ന തന്ത്രപരമായ “മോഡി ബ്രാണ്ടിംഗ്”.

ജനത്തിന് തിരഞ്ഞെടുക്കാൻ കിട്ടിയ ഓപ്ഷനുകളിൽ ‘തമ്മിൽ ഭേദം’ എന്ന നിലയിലും, പുതിയ എന്തോ ഒന്ന് കിട്ടാൻ പോകുന്നു എന്ന പ്രതീതി സൃഷ്ടിക്കലിൽ വിജയിച്ചു എന്ന വസ്തുതയിലും, ജനങ്ങൾ മോഡിയെ അധികാരത്തിൽ ഏറ്റുകയായിരുന്നു.

“സബ് ചോർ ഹൈ” അഥവാ “എല്ലാവരും കള്ളന്മാർ ആണ്” എന്ന അടിസ്ഥാന ചിന്തയുള്ളവരാണ് ഇന്ത്യയിലെ ശരാശരി പൌരൻ. മാറ്റം എന്നാൽ അവന്റെ ഏറ്റവും അടിത്തട്ടിലെ ആഗ്രഹം ഇപ്പോഴും എല്ലായ്പ്പോഴും ആചരിച്ചു വരുന്ന ശരികേടുകളുടെ ആകമാനമുള്ള പരിവർത്തനമാണ്. വ്യവസ്ഥയുടെ പരിവർത്തനം. രാഷ്ട്രീയത്തിന്റെ അടിമുടിയുള്ള മാറ്റം!

അതാണ്‌ ഡൽഹിയിലെ ആം ആദ്മിയുടെ വിജയം അടിവരയിടുന്നത്. ആം ആദ്മി അടിസ്ഥാനപരമായി നിലനില്ക്കുന്ന വ്യവസ്ഥയോടുള്ള കലാപമാണ്‌. “ആൾക്കൂട്ട രാഷ്ട്രീയം” എന്ന നിലയില അതിനോട് വിയോജിക്കുന്ന ഒരുപാട്പേരുണ്ട്. നിലനില്ക്കുന്ന വ്യവസ്ഥയിൽ വിശ്വാസം നഷ്ടപ്പെട്ട ഒരു കൂട്ടം ആളുകൾ വ്യവസ്ഥാപരിവർത്തനത്തിന് വേണ്ടി തുടങ്ങി വച്ച പ്രസ്ഥാനം തന്നെയാണ് ആം ആദ്മി പാർട്ടി. രാഷ്ട്രീയപരമായി വ്യക്തമായ പ്രത്യയശാസ്ത്രം ഇല്ലായ്മയാണ് ആം ആദ്മിയെ എതിർക്കുന്നവർ പറയുന്ന ആക്ഷേപങ്ങളിൽ ഒന്ന്. പല രീതിയിൽ സംഘടിച്ച ഒരു കൂട്ടം ആളുകളുടെ പ്രത്യശാസ്ത്ര രൂപീകരണത്തിന് സമയമെടുക്കും എന്ന സത്യവും നിലനില്ക്കുന്നു. എന്നാൽ ആം ആദ്മി പ്രത്യയശാസ്ത്ര അഭാവം തല്ക്കാലത്തെക്കെങ്കിലും മറികടക്കുന്നത് ജനകീയമായ വിഷയങ്ങളിൽ ജനങ്ങൾക്കൊപ്പം നിന്നാണ്. അങ്ങനെ ചെയ്യുമ്പോൾ ഭൂരിപക്ഷത്തിന് അനുസരിച്ച് പ്രത്യയശാസ്ത്രം രൂപപ്പെടും എന്ന അവസ്ഥ വരാനിടയുണ്ടെങ്കിലും ഇതുവരെയുള്ള നിലപാടുകൾ വച്ച് നോക്കിയാൽ ആം ആദ്മി പാർട്ടി ഭൂരിപക്ഷ ചിന്തകൾക്ക് അനുകൂല നിലപാടുകൾ സ്വീകരിക്കുന്നു എന്ന് ചിന്തിക്കുക വയ്യ.

ലോകസഭ ഇലക്ഷനിലും തുടർന്ന് വന്ന സംസ്ഥാന ഇലക്ഷനുകളിലും ബീജെപ്പി ജയിക്കുകയോ ശക്തി കാണിക്കുകയോ ചെയ്തിട്ടുണ്ട്. എന്നാൽ ഈ അവസരതിലോന്നും തന്നെ സമാന്തര രാഷ്ട്രീയം എന്നതിന്റെ വക്താക്കൾ ആയി എടുത്തുകാണിക്കാൻ ആരുമുണ്ടായില്ല. ലോകസഭ തിരഞ്ഞെടുപ്പിൽ ആം ആദ്മിക്ക് തങ്ങളുടെ സമാന്തര രാഷ്ട്രീയം എന്ന ആശയം ജനങ്ങൾക്കിടയിലേക്കു എത്തിക്കാൻ സാധിച്ചില്ല. അല്ലെങ്കിൽ അവരതിന് സംഘടനാപരമായും രാഷ്ട്രീയമായും മുതിർന്നിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ എല്ലായിടത്തും “തമ്മിൽ ഭേദം” എന്ന മുൻപ് പറഞ്ഞ മാനദണ്ഡം വച്ച് ബീജെപ്പി അധികാരത്തിൽ എത്തി. എന്നാൽ ഡൽഹിയിൽ കഥയാകെ മാറി എന്നുള്ളതാണ് സത്യം.

ലോകസഭ തിരഞ്ഞെടുപ്പിന് ശേഷം കേജ്രിവാൾ, പാർട്ടി ഡൽഹിയിൽ മാത്രം ഫോക്കസ് ചെയ്‌താൽ മതിയെന്ന, ബുദ്ധിപരമായ തീരുമാനമാണ് ആം ആദ്മിയുടെ 67-3 എന്ന സമാനതകളില്ലാത്ത വിജയത്തിന്റെ ആദ്യ പടിയായി കാണേണ്ടത്. ശേഷം അധികാരം ഉപേക്ഷിച്ചതിലൂടെ നേടിയെടുത്ത വിരുദ്ധമായ വികാരങ്ങളെ ഇല്ലാതാക്കൽ ആയിരുന്നു ലക്ഷ്യം. അതിനായി മാപ്പ് പറഞ്ഞു തുടങ്ങിയ കേജ്രിവാൾ, ഒരു അടി പുറകോട്ടു വച്ച് മൂന്നടി മുന്നോട്ടു ചാടുകയായിരുന്നു. മാപ്പ് പറയുന്നതിനോടൊപ്പം തന്നെ കേജ്രിവാൾ ചെയ്തത് രാജി വയ്ക്കാനുള്ള സാഹചര്യം ആളുകളെ ബോധ്യപ്പെടുതുകയായിരുന്നു. അതിനായി സോഷ്യൽ മീഡിയയും ഇതര മാധ്യമങ്ങളും ബുദ്ധിപരമായി ഉപയോഗിച്ചു. ഒടുവിലത്തെ ദിവസം വരെ “എന്തിനു നിങ്ങൾ ഓടിപ്പോയി” എന്ന ചോദ്യത്തിന് കേജ്രിവാൾ സംയമനത്തോടെ മറുപടി പറഞ്ഞുകൊണ്ടിരുന്നു. മിഷൻ വിസ്താർ പോലുള്ള പാർട്ടി വിപുലീകരണ പ്രവർത്തനങ്ങൾ മാസങ്ങൾക്ക് മുൻപേ ആം ആദ്മി തുടങ്ങി വച്ചിരുന്നു. ഏറ്റവും താഴെത്തട്ടിൽ വരെ പ്രവർത്തകരെ വിന്യസിച്ചു കേജ്രിവാൾ എന്ന ബുദ്ധിമാനായ നേതാവ് ഏതു നേരവും സംഭവിക്കാവുന്ന ഇലക്ഷന് ആവനാഴിയിൽ അസ്ത്രങ്ങൾ ഒരുക്കാൻ തയ്യാറെടുക്കുകയായിരുന്നു.

10157174_645755262190904_7955560532242638159_nചെയ്ത പ്രവൃത്തികൾ ഇത്രയധികം വിലയിരുത്തപ്പെട്ട, റിയൽ ടൈമിൽ ചോദ്യം ചെയ്യപ്പെട്ട ഒരു രാഷ്ട്രീയക്കാരനും ഇന്ത്യൻ ചരിത്രത്തിൽ ഉണ്ടാകില്ല. മാധ്യമങ്ങളിൽ നല്കിയ ഓരോ ഉത്തരങ്ങളും കൌശലപൂർവ്വം തനിക്കു അനുകൂലമായി കേജ്രിവാൾ ഉപയോഗപ്പെടുത്തി എന്നുള്ളതാണ് വാസ്തവം. ജനങ്ങൾക്കിടയിൽ തന്റെ ആശയങ്ങളെ കൃത്യമായി എത്തിക്കാൻ അതിലൂടെ കേജ്രിവാലിനു കഴി ഞ്ഞു. ഒരു ഉത്തരം തന്നെ പല മാധ്യമങ്ങളിലൂടെ പറഞ്ഞു തന്റെ ഉത്തരങ്ങളെ എല്ലാം തന്നെ ഓരോ ദൽഹി നിവാസിക്കും മനപ്പാഠം ആക്കിക്കാൻ കേജ്രിവാൾ വിജയിച്ചു.

എടുത്തു പറയേണ്ട അടുത്ത കാര്യം ആം ആദ്മിയുടെ വാഗ്ദാനങ്ങൾ ആണ്. വെള്ളം കറന്റ് വൈഫൈ തുടങ്ങി അനധികൃത കോളനികളുടെ റെഗുലരൈസെഷൻ വരെ നീണ്ടു നില്ക്കുന്ന പ്രഖ്യാപനങ്ങൾ. വാഗ്ദാനങ്ങൾ എല്ലാവരും പറയുന്ന പോലെ പറയാതെ നടപ്പാക്കുന്നതെങ്ങനെ എന്നതും പലയിടത്തും കേജ്രിവാളും സംഘവും വ്യക്തമാക്കുനന്ത് കാണാമായിരുന്നു. ഇത് വാഗ്ദാനങ്ങളുടെ വിശ്വസ്തത കൂട്ടി എന്ന് വേണം കരുതാൻ. ബീജെപ്പി അനുകൂല സീറ്റുകൾ പോലും ആം ആദ്മിക്ക് അനുകൂലമായി വിധിയെഴുതിയത് ശ്രദ്ധിക്കുക. തിരഞ്ഞെടുപ്പിന് മുൻപ് തന്നെ മുൻപത്തെ എഎപി എംഎൽഎമാർ ജനസഭകൾ വിളിച്ചു ചേർത്ത് അവരവരുടെ എംഎൽഎ ഫണ്ടുകൾ ചിലവഴിച്ച രീതിയും, തങ്ങളുടെ അവകാശമായ എംഎൽഎ ഫണ്ടുകൾ എവിടെപ്പോകുന്നു എന്ന് ഒരു അറിവുമില്ലാതിരുന്ന ഡൽഹിക്കാർക്ക് പുതിയ അനുഭവമായിരുന്നു. അതും വിശ്വാസ്യത കൂട്ടാൻ ഉപകരിച്ചിരിക്കണം. ബീജേപ്പിയിൽ നിന്നും വ്യത്യസ്തമായി ഒരു പോസിറ്റീവ് ക്യാമ്പൈയ്നിങ്ങ് നടത്താൻ കഴിഞ്ഞത് ആം ആദ്മിക്ക് എടുത്തു പറയാവുന്ന സവിശേഷതയാണ്. അവിടെ മോടിയടക്കം കേജ്രിവാളിനെ വ്യക്തിപരമായി ഉന്നം വച്ചപ്പോൾ ആം ആദ്മി ക്യാമ്പ് കൂടുതലും തങ്ങളുടെ വാഗ്ദാനങ്ങൾ പറഞ്ഞു പ്രചാരണം നടത്തി എന്നുള്ളത് ശ്രദ്ധേയമാണ്. മോഡി അടക്കം പറഞ്ഞ കുത്ത് വാക്കുകൾ തനിക്കു അനുകൂലമായി വരുത്താനും കേജ്രിവാൾ ശ്രദ്ധിച്ചു. നക്സലി, കാട്ടിൽ പോകേണ്ടവൻ, കുരങ്ങൻ തുടങ്ങി കുറെ ഉർവ്വശീശാപങ്ങളും കേജ്രിവാലിനു ലഭിച്ചു. അതെല്ലാം നന്നായി കേജ്രിവാൾ അനുകൂലമാക്കി മാറ്റി.

ബീജെപ്പി ക്യാമ്പിലെ അസ്വസ്ഥതകളും എഎപിക്ക് ഗുണം ചെയ്തു എങ്കിലും, ബിജെപ്പിക്ക് കിട്ടാറുള്ള 34% അടുത്തുള്ള വോട്ട് ഷെയറിൽ ഇത്തവണയും മാറ്റം വരാത്ത നിലയ്ക്ക് ബീജെപ്പിയിലെ അസ്വസ്ഥത മാത്രമാണ് എഎപിയുടെ വിജയത്തിന് കാരണം എന്ന് വിശ്വസിക്കുക വയ്യ. 

മോഡി തരംഗം എന്നുള്ളത് നിലവിലെ ഭരണത്തിന് വിരുദ്ധമായ ഒരു വികാരത്തിൽ അധിഷ്ടിതമാണ് എന്ന് തെളിയിക്കുകയാണ് ആം ആദ്മിയുടെ വിജയം. ആത്മാർഥതയുള്ള ഒരു രാഷ്ട്രീയ പരിവർത്തനത്തിനു തങ്ങള് തയ്യാറാണെന്ന് ജനങ്ങളെ അറിയിച്ചപ്പോൾ തന്നെ ജനം കേജ്രിവാളിനോപ്പം നിന്നത് ബിജെപ്പിയെയും കോണ്‍ഗ്രസിനെയും ജനം കാണുന്നത് പരമ്പരാകത അവസരവാദ രാഷ്ട്രീയത്തിന്റെ വക്താക്കൾ ആയാണെന്നതിനുള്ള തെളിവാണ്. മികച്ച ഒരു ബദൽ മുന്നില് വന്നാൽ ജനം അവരോടൊപ്പം നില്ക്കും എന്നതിനുള്ള തെളിവ്. പുതിയ കുപ്പിയിൽ ഉള്ള പഴയ രാഷ്ട്രീയ വീഞ്ഞിനോട് ജനം എത്രമാത്രം മുഖം തിരിച്ചിരിക്കുന്നു എന്നതിന് ഡൽഹി സാക്ഷി! എന്തായാലും ഒന്നുറപ്പാണ്. മോഡി തരംഗം എന്ന പ്രയോഗം അവസാനിച്ചു. ഇനി ബീജെപ്പി മറ്റൊരു തിരഞ്ഞെടുപ്പ് വിജയം ഉണ്ടാക്കിയാൽ പോലും അത് മോഡി തരംഗം കൊണ്ടാണെന്ന് ബീജെപ്പിക്കാർ പോലും പറയില്ല. കാരണം അങ്ങനെ പറഞ്ഞാൽ ഡൽഹിയിൽ ആ തരംഗം പൊട്ടി പൊളിഞ്ഞു പോയി എന്ന് സമ്മതിക്കേണ്ടി വരും. മോഡി തരംഗത്തിന്റെ വാട്ടർലൂ ഒരുക്കി കേജ്രിവാൾ!

മോഡി സർക്കാർ അധികാരത്തിൽ എത്തിയതിനു ശേഷം തലപൊക്കിയ വർഗ്ഗീയ ചുവയുള്ള പരാമർശങ്ങൾക്കും ചേരി തിരിവ് ഉണ്ടാക്കാനുള്ള ശ്രമങ്ങൾക്കും മുഖത്ത് തന്നെ കിട്ടിയ അടിയാണ് ഈ ഫലം. കാരണം ഓരോ തിരഞ്ഞെടുപ്പ് “ജനസഭകളിലും” കേജ്രിവാൾ ഒരിക്കലെങ്കിലും ബീജെപ്പിയുടെ “സ്ത്രീകൾ 4 പ്രസവിക്കണം” പോലുള്ള നയങ്ങളെ കൃത്യമായി എടുത്തു വിമര്ഷിക്കാൻ ശ്രദ്ധിച്ചു. എന്നാൽ ഇതുവഴി ആ പാർട്ടി നന്നാവും എന്നൊക്കെ വിശ്വസിക്കാൻ മാത്രം മണ്ടന്മാർ അല്ല നമ്മളെങ്കിലും, ഒരൽപം ശ്രദ്ധ ഇക്കാര്യത്തിൽ ബീജെപ്പിക്ക് ഉണ്ടായാൽ അത് ആം ആദ്മിയുടെ അടുത്ത വിജയമായി കണക്കാക്കാം.

കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും മതിമറന്നു ആഘോഷിക്കാൻ ആം ആദ്മിയുടെ പക്കൽ സമയമില്ല എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. ആദ്യമായി രാഷ്ട്രീയ സത്യസന്ധത എന്ന ആദര്ശം മുറുകെ പിടിക്കുന്ന ആം ആദ്മിക്ക് മുന്നിലെ വഴി അത്ര എളുപ്പമാകില്ല. കറ പുരളാതെ മുന്നോട്ടു പോയാലെ ആം ആദ്മിയിൽ നിലനില്ക്കുന്ന വിശ്വാസം നിലനിർത്താൻ ആവുകയുള്ളൂ… പ്രായോഗികതയുടെ വശം വരുമ്പോൾ ഇപ്പറഞ്ഞത് ആം ആദ്മിക്ക് ഒരു വലിയ മലകയറ്റം തന്നെയാകും. ഇതേ കാരണം കൊണ്ട് തന്നെ ആം ആദ്മിയെ ഇന്ത്യ മുഴുവൻ ശ്രദ്ധിക്കുന്നുണ്ടാകും. കഴിഞ്ഞ 49 ദിവസത്തെ ഭരണത്തിൽ ഓരോ ചെറിയ ചെറിയ ഏടുകളും കീറി പരിശോധിക്കപ്പെട്ടത് ഓർക്കുക. ഇത്രയും സൂക്ഷ്മമായി അപഗ്രഥനം ചെയ്യപ്പെട്ട മറ്റൊരു ഭരണം ഉണ്ടായിട്ടുണ്ടോ എന്ന് സംശയം. മുന്നോട്ടു പോകുമ്പോൾ സത്യസന്ധത നിലനിർത്തുകയും അത് ജനങ്ങളെ ബോധ്യപോപ്പെടുത്തുകയും ചെയ്യുന്നതാണ് ആം ആദ്മിക്ക് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി.1476301_640813439351753_3518487494065390867_n

രണ്ടാമത്തെ വെല്ലുവിളി ഉൾപ്പാർട്ടി ജനാധിപത്യം നിലനിർത്തുക എന്നത് തന്നെയാകും. മോഡി സ്റ്റൈൽ പിന്തുടരുകയാണ് കേജ്രിവാൾ ഒരു പരിധി വരെ പ്രചാരണത്തിൽ. പ്രധാന ബിംബമായി കേജ്രിവാളിനെ ആദ്യമേ ഉയർത്തിക്കാട്ടുകയും, അത് വഴി മറ്റെല്ലാ സ്ഥാനാർഥികളെയും വിജയിപ്പിചെടുക്കുകയുമാണ് ആം ആദ്മി ചെയ്തത്. തല്ക്കലാതെ രാഷ്ട്രീയ സാഹചര്യത്തിൽ അതിനെ രാഷ്ട്രീയതന്ത്രം എന്ന നിലയിൽ ന്യായീകരിക്കാമെങ്കിലും മുന്നോട്ടുള്ള പ്രയാണത്തിൽ അത് പാർട്ടിക്ക് ഹൈക്കമാണ്ട് സംസ്ക്കാരം പോലുള്ള വിപത്തുകൾ മാത്രമേ നല്കുകയുള്ളൂ.. പാർട്ടിയുടെ മുഖമായി മറ്റു നേതാക്കളെയും കൊണ്ടുവരികയും രാഘവ് ചധ, രാഖി ബിർള പോലുള്ള യുവ നേതാക്കളെ മുൻനിരയിലേക്ക് കൈപിടിച്ചുയര്തുകയും കേജ്രിവാൾ ചെയ്യേണ്ടി വരും. അല്ലെങ്കിൽ കൊണ്ഗ്രസിനു സംഭവിച്ചതും ബീജെപ്പിക്ക് സംഭവിക്കാൻ പോവുന്നതുമായ വിപത്തുകൾ ആം ആദ്മിയെ കാത്തിരിക്കുന്നുണ്ട്.

മറ്റു സംസ്ഥാനങ്ങളിലേക്ക് പാർട്ടിയെ വിപുലപ്പെടുതുകയാണ് അടുത്ത ശ്രമകരമായ ജോലി. ഡൽഹിയുടെ മൂഡ്‌ അല്ല ഇതര സംസ്ഥാനങ്ങൾക്കുള്ളത് എന്നത് തന്നെ പ്രധാന വെല്ലുവിളിയാണ്. അതിനെ ആം ആദ്മി എങ്ങനെ നേരിടും എന്നത് കണ്ടു തന്നെ അറിയണം. ആം ആദ്മി പാർട്ടി ഒരു രാഷ്ട്രീയ പരീക്ഷണം ആണ്. അഴിമതി അടിസ്ഥാനമായ ഒരു വ്യവസ്ഥിതിയിൽ നിന്നും ഒരു കൂട്ടം ആളുകൾ വ്യവസ്ഥയെ മാറ്റണം എന്ന ഉദ്ദേശ്യത്തോടെ മുന്നിട്ടിറങ്ങിയപ്പോൾ സംഭവിച്ച ഒരു പാർട്ടി. പാർട്ടിയുടെ പ്രഖ്യാപിത നയം തന്നെ വ്യവസ്ഥിതിയെ മാറ്റുക എന്നതാണ്. അരവിന്ദ് കെജ്രിവാളിന്റെ സ്വന്തം വാക്കുകളിൽ പറഞ്ഞാൽ “എന്നെങ്കിലും ഞാൻ അഴിമാതിക്കാരൻ ആകുന്നെങ്കിൽ അതടക്കം കണ്ടുപിടിക്കാനും പെട്ടെന്ന് ശിക്ഷ ലഭിക്കാനും അഴിമതികൊണ്ട് ഖജനാവിന് വന്ന നഷ്ടം തിരിച്ചുപിടിക്കുകയും ചെയ്യാൻ കഴിയുന്നത്ര ശക്തമായ ഒരു വ്യവസ്ഥിതി ആണ് ആം ആദ്മി പാർട്ടിയുടെ ലക്‌ഷ്യം”.

ഉട്ടോപ്യൻ എന്ന് മനസ്സിന്റെ പല ഇടങ്ങളിലും തോന്നുന്നെകിലും, ആദ്യത്തെ മനസിന്റെ പ്രതിഅകരനം “ഇത് വല്ലതും നടക്കുമോ” എന്നാണെങ്കിലും, മിസ്റ്റർ കേജ്രിവാൾ, നിങ്ങളെ വിശ്വസിക്കാൻ തോന്നുന്നു. അതുകൊണ്ട് തന്നെ, നിങ്ങൾ ശരിയല്ല എന്ന് തോന്നുന്ന ആ നിമിഷം വരെ കൂടെ ഉണ്ടാകുമെന്ന വാക്കും തരുന്നു. അതുവരെ മാത്രം എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ! 1964928_648494525250311_2231204453461590538_n

ഒരു അഭിപ്രായം ഇടൂ