നൊസ്റ്റാള്‍ജിയ

പുലരിയുടെ ആലസ്യത്തിനപ്പുറത്ത്, ആവിപൊങ്ങുന്ന കട്ടന്‍ ചായക്കും ദിനപ്പത്രത്തിന്റെ മഷിമണം മറാത്ത അക്ഷരങ്ങള്‍ക്കുമപ്പുറത്ത്, ഇലഞ്ഞിപ്പൂക്കള്‍ കൊഴിഞ്ഞുവീണുകൊണ്ടിരുന്നു… വെളുത്ത പൂക്കള്‍ … ഇലഞ്ഞിപ്പൂക്കള്‍ക്ക് മത്ത് പിടിപ്പിക്കുന്ന ഗന്ധമാണ്! രാത്രിയെപ്പോഴോ പറയാതെ പെയ്ത മഴയില്‍ മണ്ണ് നനഞ്ഞുകിടന്നു. ഇലഞ്ഞിപ്പൂക്കള്‍ മണ്ണുമായി ചേര്‍ന്നങ്ങനെ സുഖംപറ്റി കിടന്നു. ആദ്യമഴ ബാക്കിവച്ച നനുത്ത അന്തരീക്ഷത്തില്‍, അങ്ങനെ ഇരിക്കുമ്പോള്‍ നൊസ്റ്റാള്‍ജിയ കടന്നുകൂടി… ഇലഞ്ഞിപ്പൂമണവും ബാല്യവും കൂടിക്കുഴഞ്ഞ് കിടക്കുന്നത് നോക്കി  അങ്ങനെ ഉമ്മറത്തിരുന്നു.ഗന്ധംകൊണ്ട് മനസ്സിലും ശരീരത്തിലും കടന്നുകൂടുന്ന നൊസ്റ്റാള്‍ജിയയുടെ കൂടോത്രം എന്തെന്ന് ആലോചിച്ച് കുറച്ചു നേരം…

നൊസ്റ്റാള്‍ജിയ!

നിക്കറിട്ട പയ്യന്‍. വലതുകൈകൊണ്ട് പെറുക്കി എടുത്ത് ഇടതുകൈയ്യില്‍ സൂക്ഷിക്കുന്ന ഇലഞ്ഞിപ്പൂക്കള്‍. കുറച്ചു പെറുക്കിയെടുത്ത ശേഷം കൈകള്‍ ചേര്‍ത്ത് മൂക്കിനടുതെക്ക് കൊണ്ടുവരുമ്പോഴുണ്ടാകുന്ന തീക്ഷ്ണമായ, മത്ത് പിടിപ്പിക്കുന്ന ഗന്ധം. കണ്ണടപ്പിക്കുന്ന ഗന്ധം!

നൊസ്റ്റാള്‍ജിയ!

കണ്ണ് തുറന്നപ്പോള്‍ ഒരു മിന്നലാട്ടം പോലെ ആരെയോ കണ്ടോ? ഒരു പാവാടക്കാരിയെ? അന്ന്? അവിടെ?

ഇല്ല. കണ്ടില്ല. ഞാന്‍ എന്തിന് കാണണം?

നൊസ്റ്റാള്‍ജിയക്കിപ്പുറം തിരികെ വരാന്‍ മൊബൈല്‍ ഫോണ്‍ അലറി. സ്ക്രീനില്‍ സുരേഷിന്‍റെ മുഖം. ഫോണെടുത്തപ്പോള്‍ അവന്‍ രോഷംകൊണ്ടു. ദേശീയ പണിമുടക്കിന്റെ മറവില്‍ തെരുവുകളില്‍ സഞ്ചാരസ്വാതന്ത്ര്യം കശാപ്പു ചെയ്യപ്പെടുന്നു! അതും പട്ടാപ്പകല്‍ ! ഇന്നൊരു ദിവസം പൌരന് ഭരണഘടനയും മഹാരാജ്യം കല്‍പ്പിച്ചു കൊടുത്ത മനുഷ്യാവകാശങ്ങളും ഇല്ലേ? എന്നിട്ടെല്ലാം തൊഴിലാളികള്‍ക്ക് വേണ്ടിയെന്ന്! പൊതുജനത്തിന് വേണ്ടിയെന്ന്! ഒരു ദിവസത്തെ തച്ച് പോയ തൊഴിലാളി, സുരേഷ്, വ്യാകുലപ്പെട്ടു. ഭരണകൂടത്തിന്‍റെ ജനവിരുദ്ധ നയങ്ങളെ മുന്‍നിര്‍ത്തി ഒരു വാദത്തിനുള്ള സ്കോപ്പ് ഉണ്ടായിരുന്നു എനിക്ക്. ചെയ്തില്ല. സുരേഷിനെ കേട്ടിരുന്നു.

മനസ്സില്‍ നിറയെ ഇലഞ്ഞിപ്പൂക്കളായിരുന്നു!

കോള്‍ കട്ട്‌ ചെയ്യുന്നതിന് മുന്‍പ് സുരേഷ് ചോദിച്ചു.

“അപ്പൊ എപ്പോള്‍ എത്തും സഖാവേ?”

അവന്‍റെ അടുക്കളയില്‍ ഫ്രിഡ്ജിനകത്തും പുറത്തുമായിരിക്കുന്ന മദ്യക്കുപ്പികളെ ഓര്‍ത്തു ഞാന്‍ പറഞ്ഞു.

“ഉച്ചതിരിഞ്ഞങ്ങ് എത്തിയേക്കാം.”

ഫോണ്‍ വച്ച് കഴിഞ്ഞു പിന്നെയും തൊടിയിലെ ഇലഞ്ഞിപ്പൂക്കളിലേക്ക് എത്തിനോക്കി. നൊസ്റ്റാള്‍ജിയ തിരിച്ചുപിടിക്കാന്‍ ഒരു വിഫലശ്രമം.

മദ്യത്തിനും മത്ത് പിടിപ്പിക്കുന്ന ഗന്ധമാണ്!

*****

മഴ. റോഡില്‍ മഴത്തുള്ളികള്‍ക്കൊപ്പം മാലിന്യം കലര്‍ന്നൊഴുകി. രാത്രി. ഇരുട്ടിനോട്‌ കലര്‍ന്നിരിക്കുന്ന വഴിവിളക്കിന്റെ മഞ്ഞവെളിച്ചം. മഞ്ഞവെളിച്ചത്തില്‍ ചിത്രങ്ങള്‍ തീര്‍ക്കുന്ന മഴ. കണ്മുന്നില്‍ തെളിഞ്ഞ വഴി വിജനം. സ്ഥലം അജ്ഞാതം. ഏതാണിവിടം? മുന്‍പെങ്ങും കാണാത്ത അവ്യക്തമായ ഈയിടം.

പിന്‍വിളി. അവളുടെ ശബ്ദം!

“സാജന്‍”

തിരിഞ്ഞു നോക്കുമ്പോള്‍ അവള്‍. മഴയത്ത്… കുടയില്ലാതെ… മഴയില്‍, അടഞ്ഞുപോകുന്ന കണ്ണുകള്‍ എന്റെ കണ്ണുകളിലേക്കു തന്നെ നോക്കിക്കൊണ്ടിരുന്നു.

തീക്ഷ്ണമായ നോട്ടം.

അവള്‍ തുടര്‍ന്നു.

“എനിക്കും ഇഷ്ടമാണ്.”

അവളും മഴയും രാത്രിയും മറുപടിക്കായി കാത്തിരുന്നു.

എനിക്ക് കണ്ണ് തുറക്കണം. കണ്ണ് തുറക്കണം!

*****

ഉച്ചമയക്കത്തിനിടയില്‍ എപ്പോഴോ കറന്റ്‌ പോയിരുന്നു. ഫാന്‍ നിന്നുപോയതുകൊണ്ടാവാം നന്നായി വിയര്‍ത്തിരുന്നു. തലയണയുടെ ഓരംപറ്റി കിടന്ന മൊബൈലില്‍ സുരേഷിന്‍റെ രണ്ടു അലറലുകളുടെ തിരുശേഷിപ്പുകള്‍ അവശേഷിച്ചു.

ഉച്ച തിരിഞ്ഞിരിക്കുന്നു.

വീടിന്‍റെ ഗേറ്റിനപ്പുറം നാട്ടുവഴികള്‍ … അതിനുമപ്പുറത്ത്‌ കനാല്‍ … അതിനുമപ്പുറം സുരേഷിന്‍റെ വീട്ടിലേക്കുള്ള ഇടവഴി… അത് ചെന്നെത്തുന്നിടം സുരേഷ് ഭവനം… ഭവനത്തിനകത്ത് അടുക്കള… അതിനകത്ത് ഫ്രിഡ്ജ്… അതിനകത്തും പുറത്തുമായി…

എല്ലാം എന്നെ കാത്തിരിക്കുന്നു. ചലിക്കേണ്ടതുണ്ട്. ഞാന്‍ കിടക്ക വിട്ട് എഴുന്നേറ്റു.

ഇറങ്ങാന്‍ നേരം അമ്മയോട് പറഞ്ഞു. ഗേറ്റിനടുത്തെത്തിയപ്പോള്‍ അപ്പുറത്തെ വീടിന്‍റെ ഗേറ്റ് തുറക്കുന്നത് കണ്ടു. അവളാണ്. ക്ലാര!

അവളെങ്ങോട്ടാകും ഈ നേരത്ത്? പണിമുടക്കുള്ള ദിവസം? ഉച്ചതിരിഞ്ഞ്?

*****

ചരിത്രം. മറന്നുപോയ തിയതി. മറക്കാനാകാത്ത ദിവസം. പ്രഭാതം.

ഗേറ്റ് തുറന്ന് നടന്നു നീങ്ങുന്ന ക്ലാര. ഞാന്‍ പുറകെ ഓടിയെത്തി.

“ഞാനുമുണ്ട് ടൌണ്‍ വരെ…”

“ഇന്നും ബസ്സ്‌ പോകുമെന്നാ തോന്നണത്,സാജാ. വേഗം നടക്ക്. ”
അവള്‍ മൊഴിഞ്ഞു.

“കൊച്ചേ… ഞാനൊരു കാര്യം പറയാന്‍…”

“സാജന്‍ പറഞ്ഞോ..”

മനസ്സില്‍ ധൈര്യം സ്വരുക്കൂട്ടി ഞാന്‍ തുടങ്ങി.

“അത്… ഞാന്‍… എനിക്ക് കൊച്ചിനെ ഇഷ്ടവാണ്… ”

അവളൊന്നു നിന്നു. കലങ്ങിയ കണ്ണുകള്‍.  ഭയവും. ഞാന്‍ കണ്ടു.

“കര്‍ത്താവിനു നെരക്കാത്തതൊന്നും പറയരുത് സാജാ… സാജന്‍ പോയേ… എന്നോടിനി മിണ്ടാന്‍ വരണ്ട…”

“കൊച്ചേ… ഞാന്‍… കാര്യവായിട്ടാ…”

“ഇനി എന്നോട് മിണ്ടിയാ ഞാന്‍ ചാച്ചനോട് പറയുമിത്… സാജന്‍ പോ…”

ഞാന്‍ ഭയന്നു. പതിനെട്ടു വയസ്സുള്ള ഞാന്‍ … പിന്നെ മുന്നോട്ടു നടന്നില്ല. പതിനേഴു വയസ്സുള്ള അവള്‍ … അവള്‍ മുന്നോട്ടു പോയി.

വഴിയിലവള്‍ ആരെയൊക്കെ കണ്ടു എന്നോ, ആരോടോപ്പമെല്ലാം എവിടെയെല്ലാം പോയി വ്യഭിചരിച്ചെന്നോ, എനിക്കറിയില്ല. കേട്ടുകേള്‍വികള്‍ മാത്രമുണ്ട്.

ആരോ അവളെ ഒരിക്കല്‍ ബാലവേശ്യയെന്നു വിളിച്ചു. കേള്‍വിക്കാരന്റെ നിസ്സങ്കതയില്‍, ഉള്ളില്‍ മുളച്ച ഒരു ചിന്തയില്‍, ഞാന്‍ ബാലവേശ്യയുടെ അറിയപ്പെടാത്ത കാമുകനായി. തിരസ്കൃതനായ കാമുകന്‍ !

സുരേഷ് ഒരിക്കല്‍ ചോദിച്ചു.

“അവള് പോക്കാണെന്നാണല്ലോ കേള്‍ക്കുന്നത്. ഒള്ളത് തന്നെ?”

അവന്‍റെ കണ്ണിനുള്ളില്‍ അവള്‍ ബലാത്സംഘം ചെയ്യപ്പെട്ടുകൊണ്ടിരുന്നു. ഞാന്‍ കണ്ടുകൊണ്ടിരുന്നു. എന്‍റെ മുഖത്തെ ഭാവം മാറാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിച്ചു. തിരസ്കൃതമായ പ്രണയകഥയുടെ ഒരു ശേഷിപ്പും മുഖത്ത് വരരുത്.

“എനിക്കറിയില്ല. അങ്ങനൊക്കെ കേള്‍ക്കുന്നു.” ഞാന്‍ പറഞ്ഞു.

ചരിത്രം കാഴ്ച്ചക്കാരന് മാപ്പ് നല്‍കട്ടെ!

*****

ഉച്ചതിരിഞ്ഞ സമയം. ഗേറ്റ് കടന്നു ക്ലാര പുറത്തു വന്നു.

“കൊച്ചെങ്ങോട്ടാ?” ചിരി വരുത്തി ഞാന്‍ ചോദിച്ചു.

നാട്നീളെ വ്യഭിചരിച്ചു നടന്നവള്‍ മറുപടി തന്നു.

“ഒരാളെ കാണാനൊണ്ട്. കുറച്ചു കാശ് കിട്ടാനൊണ്ട്. ടൌണ്‍ വരെ പോണം. ”

കാശ് തരാനുണ്ടത്രേ! ഈ ദിവസം! പണിമുടക്കിന്റെ ദിവസം ഉച്ച തിരിഞ്ഞ നേരത്ത്!

തെല്ലിട നേരം മൌനം.

“സുരേഷിന്‍റെ വീട് വരെ പോണം.”

അവളുടെ മുഖത്ത് മൗനംതിന്റെ ആവരണം.ഞങ്ങള്‍ പരസ്പരം സംസാരിക്കാതെ കുറച്ചു നേരം നടന്നു. ഒരു ഭയം ഉരുണ്ടുകൂടി. ഞാന്‍ ചുറ്റും നോക്കി.  ആരെങ്കിലും കാണുന്നുണ്ടോ ഞങ്ങളെ? ഈ വഴിയില്‍, ഒരുമിച്ചു നടക്കുന്ന വേശ്യയെയും കാമുകനെയും!

വഴി വിജനമായിരുന്നു. പക്ഷെ, മരങ്ങളുടെ മറവില്‍, ജനാലകളുടെ ചെറിയ വിടവുകളില്‍, ഞങ്ങളെ ശ്രദ്ധിക്കുന്ന കണ്ണുകള്‍ മുറുമുറുക്കുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു…

നാട്ടുവഴിയുടെ വിജനതയില്‍, പിരിയുന്നതിനു മുന്‍പ് അവള്‍ ചോദിച്ചു.

“കല്യാണമൊന്നും നോക്കണില്ലേ?”

പ്രതീക്ഷിക്കാത്ത ചോദ്യത്തിന് മനസ്സ് ഉത്തരങ്ങള്‍ തേടിക്കൊണ്ടിരുന്നു കുറച്ചു നേരം.

“സമയമാവട്ടേന്നു വച്ചു.”

“ഇനിയെന്താകാനാ? മുപ്പതു കഴിഞ്ഞില്ലേ?”

“നോക്കണം.” ഞാന്‍ പ്രതിധ്വനിച്ചു.

കാലം കടന്ന് ചോദ്യങ്ങള്‍ മനസ്സിന്‍റെ ചില്ലകളില്‍ ചേക്കേറി.

“കൊച്ചേ.. അന്ന് നീ ചാച്ചനോട് വല്ലതും പറഞ്ഞിരുന്നോ?”
“പിന്നീടെപ്പോഴെങ്കിലും അതിനെക്കുറിച്ച് ആലോചിച്ചോ?”
“എന്നെ നിനക്കിഷ്ടമായിരുന്നോ, കൊച്ചേ?”

ചോദ്യങ്ങള്‍, പക്ഷെ, ചിറകൊതുക്കി മൌനം പാലിച്ചു. വര്‍ത്തമാനം സംസാരിച്ചു.

“ഇനി കേസിന് പോകുവോ?”

സമയം നിര്‍വ്വികാരയായി.

“എന്തിന്?”

എനിക്കുത്തരമില്ലായിരുന്നു. അവളതു പ്രതീക്ഷിച്ചുമില്ലായിരിക്കാം. ഉത്തരങ്ങള്‍ ആവശ്യമില്ലാത്ത ചോദ്യങ്ങള്‍ .

ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ !

ഞങ്ങള്‍ വഴിപിരിഞ്ഞു.

*****

സുരേഷ് ചിരിച്ചു. മാധ്യമത്തില്‍ ആരൊക്കെയോ ചിരിച്ചു. മദ്യക്കുപ്പികളും രാത്രിയും ചിരിച്ചു. എവിടെയോ ഇരുന്ന് വേശ്യ മാത്രം കരഞ്ഞു.

*****

വീടിനു മുന്നില്‍ സുരേഷിന്‍റെ കാര്‍ നിന്നു. ഞാന്‍ ഇറങ്ങാന്‍ നേരം ക്ലാരയുടെ വീടിനു നേരെ നോക്കി, സുരേഷ് ചോദിച്ചു.

“അവള്‍ പോക്ക് തന്നാ, ഇല്ല്യോ?”

ചോദ്യത്തിന് ശേഷവും അവന്‍റെ കണ്ണുകള്‍ ആ വീടിനെ ഭോഗിച്ചുകൊണ്ടി
രുന്നു.

ഉള്ളില്‍ എങ്ങനോക്കെയോ അടങ്ങിക്കിടന്ന എണ്ണമോര്‍മ്മയില്ലാത്ത പെഗ്ഗുകള്‍ തലയിലേക്ക് ഇരച്ചു കയറി. ഞാന്‍ കാറില്‍ നിന്നിറങ്ങി. ഡോര്‍ വലിച്ചടച്ചു. സുരേഷിനോട് യാത്ര പറയാതെ വീടിനകത്തേക്ക് കയറി.

ഞാന്‍ … വേശ്യയുടെ  കാമുകന്‍ !

സ്വീകരണമുറിയില്‍ അമ്മ. ഇരമ്പുന്ന ന്യൂസ്‌ ചാനല്‍ . എന്‍റെ മുറിയുടെ വാതില്‍. വിരിച്ചിട്ടിരിക്കുന്ന കിടക്ക. മങ്ങുന്ന കാഴ്ച്ച. കാമുകന്‍റെ മസ്തിഷ്ക്കത്തിലെ ബോധത്തിന്റെ അവസാനത്തെ കണിക സംസാരിച്ചുകൊണ്ടിരുന്നു.

“ഇന്ന് ആരെക്കാണുവാന്‍ പോയി നീ..? ഇന്ന്…? ഇന്ന്…?”

*****

രാത്രി. ഇലഞ്ഞിപ്പൂമണമോ നൊസ്റ്റാള്‍ജിയയോ കടന്നു ചെല്ലാത്ത ക്ലാരയുടെ വീടിന്‍റെ വാതില്‍ ആരോ തട്ടി.

“ആരാണ്?” ക്ലാര ചോദിച്ചു.

“ഞാനാ..”

“ആര്?”

“മരണം.”

ഒരു നിമിഷം… ചീവീടുകള്‍ ചിലച്ചില്ല…

“എനിക്ക് തുറക്കാന്‍ മനസ്സില്ല. പോകൂ…” അവൾ പറഞ്ഞു.

മനസ്സ് നിറയാതെ, ഭോഗിക്കാതെ, എന്നത്തെയും പോലെ  മരണം അന്നും തിരികെപ്പോയി.

ഈ സമയം,എന്‍റെ മുറിയില്‍, കിടക്കയില്‍, ഞാന്‍ ബോധമില്ലാതെ ഉറങ്ങി.

 
Advertisements

6 thoughts on “നൊസ്റ്റാള്‍ജിയ

 1. Chumma oru rasathinu, njaan ithu angu continue cheyuvaato.. 😉

  ഉത്തരം ഇല്ലാത്ത ചോദ്യങ്ങൾ ; A kolamakaal attempt in demystifying Anuraj K.A’s Clara.
  ————————————————————————————————————————————————————————

  മരണം എന്ന ശാശ്വത സത്യത്തിനു മുന്നില് പകച്ചു നിൽക്കാൻ മാത്രമേ എനിക്ക് അന്ന് കഴിഞ്ഞുള്ളൂ . ഒരായിരം കൂര്ത്ത മുനയുള്ള അസ്ത്രങ്ങൾ എന്റെ നെഞ്ച് പിളർക്കുന്ന വേദന ഞാൻ അറിഞ്ഞു .

  എന്നാലും നീ അത് എന്തിനു ചെയ്തു ക്ലാര ? നിന്റെ ജീവിതം ഉത്തരം ഇല്ലാത്ത ഒരു ചോദ്യമായി എന്റെ മുന്നില് അവശേഷിക്കുന്നു . ചേതനയറ്റ് കിടക്കുന്ന നിന്റെ ശരീരം മരണ വീട്ടിലെ കുശലം അന്വേഷിക്കുന്ന നാറിയ ഏർപാടിന്റെ ഭാഗമായി ഞാനും വന്നു കണ്ടിരുന്നു പ്രിയേ. ഒരു ജനാല വാതിലിനിപ്പുറം നിന്ന് നാട്ടുകാർ നിന്റെ ദുഷ്നടപ്പുകളെ പറ്റി ചര്ച്ച ചെയുകയാരുന്നു

  • പോയിട്ടുള്ള നാടുകളിൽ വച്ച് കുട്ടനാടിന്റെ നൊസ്റ്റാൾജിയകൾ കൂടുതൽ കളർഫുൾ ആകുമെന്ന് തോന്നിയിട്ടുണ്ട്. ആമേൻ സിനിമ കണ്ടപ്പോ അതൊന്നുകൂടി ശരിയാണെന്ന് തോന്നുകയും ചെയ്തു.

   അഭിപ്രായത്തിനു നന്ദിയുണ്ട്. നന്ദി മാത്രമേ ഒള്ളു!

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w