അതിര്‍ത്തി മായുന്നിടങ്ങളില്‍

നല്ല ഫോട്ടോയാണ്. DSLR-ല്‍ എടുത്തതെന്ന് വ്യക്തം.അവളുടെ ഏട്ടനൊരു ഫോട്ടോഗ്രാഫര്‍ ആണെന്ന് പറഞ്ഞതോര്‍ക്കുന്നു. എന്നാല്‍ ഇത് അയാള്‍ എടുത്തതാകാന്‍ തരമില്ല. അനിയത്തിയുടെയും കാമുകന്റെയും ചിത്രമെടുക്കുന്ന ഏട്ടന്‍, എന്റെ സാമാന്യ ബോധത്തിനുമപ്പുറത്താണ്. അത് മറ്റാരോ എടുത്ത ഫോട്ടോ ആണ്.

അത് മറ്റാരോ എടുത്ത ഫോട്ടോ ആണ്!

നീ വിശ്വസിക്കണം അനന്യ. നിന്നെക്കുറിച്ചുള്ള എന്റെ ചിന്തകള്‍ ഈ വാക്യത്തില്‍ അവസാനിച്ചു.

നീ വിശ്വസിക്കില്ലായിരിക്കാം. എങ്കിലും അതാണ് സത്യം.

അതിനപ്പുറത്തേക്ക് ഞാനൊന്നുമാലോചിച്ചില്ല.

എന്റെ ചിന്തകളെ മുഴുവനായും മറ്റൊരുവള്‍ കീഴ്പ്പെടുത്തിയിരിക്കുന്നു.

ഫേസ്ബുക്കിലെ നിന്റെ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ‘സിംഗിളില്‍ ‘ നിന്നും ‘ ഇന്‍ എ റിലേഷന്‍ഷിപ്പ് വിത്ത്‌ അഭയ് ആനന്ദ്‌’ എന്നായത് ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല,അനന്യ… കാണിച്ചു തന്നത് ഷമീമാണ്. കൂടെ നിന്നെക്കുറിച്ച് ഇംഗ്ലീഷും മലയാളത്തിലും കുറെ തെറികളും.

“അവള്‍ ഇത്തരക്കാരിയാണോ?”

“ഏതാ അവന്‍?”

“പന്ന നായിന്റെമോള്‍ പിന്നെന്തിനാ നിന്നെ ഇത്ര പുറകെ നടത്തിയത്? ”

അവന്റെ സംശയങ്ങള്‍ അങ്ങനെ നീണ്ടു.

എന്റെ ഉത്തരങ്ങള്‍ ചിരിക്കുന്ന ചില സ്മൈലികള്‍ക്കിടയില്‍ സ്വയം ഒളിക്കാന്‍ ശ്രമിക്കുന്ന വാക്കുകളില്‍ ഞാന്‍ ഒതുക്കി. അവനതില്‍ അതൃപ്തി ഉണ്ടായിക്കാണണം. എന്നിരുന്നാലും അവസാനം അവന്‍ പറഞ്ഞു.

“ഐ നോ ഡാ… ഈ പെണ്‍വര്‍ഗ്ഗമേ ഇങ്ങനാ… നിനക്കിതിലും നല്ല നൂറു പെണ്‍പിള്ളാരെ കിട്ടും അളിയാ…”

നിനക്കിതല്ലാതെ മറ്റൊന്നും പറയാനില്ലെന്ന് ഞാനറിയുന്നു ഷമീം, എന്റെ കൂട്ടുകാരാ… നിന്നെ പക്ഷെ പറഞ്ഞു മനസ്സിലാക്കാന്‍ എനിക്കറിയില്ല. അവളകന്നുപോയതോ എന്നെ കാണിക്കുവാനോ അല്ലാതെയോ ഈ അപ്ഡേറ്റ് ചെയ്തതോ എന്നെ തെല്ലും ബാധിച്ചിട്ടില്ല. നീ വിശ്വസിക്കില്ല ഷമീം… പക്ഷെ അതാണ്‌ സത്യം!

എന്റെ മനസ്സ് നിറയെ, സ്കൂള്‍ വിട്ട് കൂട്ടുകാരികള്‍ക്കൊപ്പം നടന്നു വരുന്ന ആ പെണ്‍കുട്ടിയാണ്… പുഞ്ചിരിച്ച് നടന്നു വരുന്നവള്‍ …

“ഐ ഫീല്‍ സംതിംഗ് അണ്‍യൂഷ്വല്‍ … അമനേട്ടന്‍ വല്ലാതെ ഡിസ്ടര്‍ബ്ട് ആണെന്ന് തോന്നുന്നു.എന്ത് പറ്റി? അനന്യ? അവളാണോ കാരണം?”

രണ്ടു നാളുകള്‍ക്കിപ്പുറം കാവേരി ചോദിക്കുന്നു.

“അന്ന് മുതല്‍ ഞാന്‍ ശ്രദ്ധിക്കുവാ… ഏട്ടന്‍ വല്ലാതെ വിഷമിച്ചിരിക്കുന്ന പോലെ…”

ശരിയായിരിക്കാം. ശരിയാണ്. ഞാന്‍ വ്യാകുലനാണ്. എവിടെയോ കെട്ടിയിട്ടിരിക്കുന്ന ചങ്ങലകളുടെ മറ്റേ അറ്റം എന്റെ കാലുകളെയും മനസ്സിനെയും വ്രണപ്പെടുത്തിക്കൊണ്ടിരിക്കുന്നു. കാവേരിയുടെ ചാറ്റുകള്‍ കുമിഞ്ഞുകൂടുന്നു..

“സാധാരണ ഏട്ടന്റെ ഒരു സ്റ്റാറ്റസ് അപ്ഡേറ്റ് എങ്കിലും കാണേണ്ടതായിരുന്നു ഈ രണ്ട് ദിവസത്തിനിടക്ക്…”

“ഐ ഫെല്‍ട്ട് റിയലി സ്ട്രയിന്ജ്…”

“എന്ത് പറ്റി?”

“എന്നോട് പറയാന്‍ ആകുന്നതാണെങ്കില്‍ പറ…”

പറയാതിരിക്കാന്‍ കഴിയാത്തതായി ഒന്നുമില്ല, കാവേരി. പക്ഷെ നീ വിശ്വസിക്കില്ല. നീയെന്നല്ല എനിക്ക് മുന്നില്‍ “friends” എന്നാ ചതുരക്കളത്തില്‍ ഒതുങ്ങിക്കൂടിയിരിക്കുന്ന ഈ 978 പേരും വിശ്വസിക്കില്ല, ഞാന്‍ പറയുന്ന സത്യം.

ഇത്ര കാര്യമായി നീ ചോദിച്ചിട്ടും ഞാന്‍ മറുപടി തരാതെ ലോഗ് ഓഫ്‌ ചെയ്യുന്നതിനും കാരണം മറ്റൊന്നല്ല. നിനക്ക് വിഷമമായിക്കാണും. എനിക്കറിയാം. നീ ക്ഷമിക്കുക.

അനന്യ ക്ഷമിക്കുക.

ഷമീം ക്ഷമിക്കുക.

മേശപ്പുറത്ത് തലകുമ്പിട്ട് കിടക്കുമ്പോള്‍ ചാറ്റ് ബോക്സില്‍ ചാറ്റുകള്‍ നിറയുന്ന ശബ്ദം വെറുതെ ചെവിക്കുള്ളില്‍ കേട്ടുകൊണ്ടിരുന്നു. വെറുതെ… ഒരു തോന്നല്‍ …

അകലങ്ങളിലേക്ക്, അതിര്‍ത്തിയില്ലാതെ നീണ്ടു കിടക്കുന്ന, മണല്‍ നിറഞ്ഞ പുഴവക്കിലൂടെ ഞാനും അവളും നടന്നു. അവള്‍ . അനന്യയല്ലാത്തവള്‍ . കാവേരിയല്ലാത്തവള്‍ . സ്കൂള്‍ മുറ്റത്തുകൂടി ചിരിച്ചു കൊണ്ട് എന്റെ അടുത്തേക്ക് വന്നവള്‍ !

“നിനക്കെന്റെ നാട്ടിലേക്ക് വന്നു കൂടെ? എന്റെ കൂടെ?” ഞാന്‍ ചോദിച്ചു.

“എനിക്ക് മടങ്ങി ചെല്ലേണ്ടതായുണ്ട്, അമന്‍ . എന്റെ നാട്ടിലേക്ക്… ”

അവളെക്കാള്‍ പ്രായമുണ്ട് എനിക്ക്. എന്നിട്ടും ഈ പെണ്ണ് എന്റെ പേര് വിളിക്കുന്നു. എന്റെ ആശ്ചര്യം ശ്രദ്ധിക്കാതെ അവള്‍ തുടര്‍ന്നു.

“അമന്‍ … നിന്റെ പേരിന്റെ അര്‍ഥം അറിയുമോ?”

“സമാധാനം എന്നല്ലേ?”

“അതെ. അത് തന്നെയാണ് എനിക്ക് വേണ്ടതും…”

“അതിവിടെ ധാരാളമുണ്ട്. നീ ഇങ്ങോട്ട് വരിക.”

“ഇവിടെ സമാധാനമുണ്ട്… പക്ഷെ എത്ര നാളത്തേക്ക്? മനസ്സുകളില്‍ അതിര്‍ത്തികള്‍ കെട്ടുന്നത് കാണുന്നില്ലേ നീ? ”

ഞാന്‍ മറുപടി പറഞ്ഞില്ല. ഞാന്‍ കാണുന്നുണ്ട്. അതിര്‍ത്തികള്‍ പണിയപ്പെടുന്നു, മനസ്സുകളില്‍ …

“എനിക്ക് മടങ്ങിപ്പോകണം. എന്റെ വരവിനായി കാത്തിരിക്കുന്ന അനേകം കണ്ണുകളിലെ പ്രതീക്ഷ… ഒരു പുനര്‍ജ്ജനിക്കായി ദാഹിക്കുന്ന അവരുടെ ജീവനുകള്‍ … ഞാന്‍ മറക്കുവാന്‍ പാടില്ല…”

“നിന്റെ മുഖത്ത് ചോര പോടിയുന്നുവല്ലോ?”

“ചരിത്രം അങ്ങനെയാണ്. ചക്രം. അതാവര്‍ത്തിച്ചു കൊണ്ടിരിക്കും.”

“മനസ്സിലായില്ല.”

“അഹിംസയുടെ വിപ്ലവങ്ങള്‍ കണ്ടിട്ടില്ലേ മുന്‍പ്?”

“ഉവ്വ്.”

“അതിനെല്ലാം അവസാനം ചോര പൊടിഞ്ഞിട്ടുണ്ട്. പൊടിയണം. അതാണ്‌ ചരിത്രത്തിന്റെ നിയമം.”

അവളുടെ മഖത്തെ ചോരക്കു കട്ടി കൂടി വന്നു. അവള്‍ പക്ഷെ ചിരിക്കുകയായിരുന്നു. ഞാനും ചിരിച്ചു. പറഞ്ഞു.

“അതും എന്റെ നാടാണ്!”

അവള്‍ പിന്നെയും ചിരിച്ചു.

മുഖമുയര്‍ത്തി നോക്കിയപ്പോള്‍ ലാപ്ടോപ്പിന്റെ സ്ക്രീന്‍ മങ്ങിയിരുന്നില്ല. ഫേസ്ബുക്കിന്റെ യൂസര്‍നെയിമും പാസ്സ് വേഡും ഹൃദിസ്ഥമായ താളത്തില്‍ കീബോഡില്‍ അമര്‍ത്തി.

അടിഞ്ഞുകൂടിയ ഫ്രണ്ട് റിക്വസ്റ്റ്കളും മെസ്സേജുകളും നോട്ടിഫിക്കേഷനുകളും ശ്രദ്ധിച്ചില്ല. അനന്യയോ കാവേരിയോ ഷമീമോ ഓണ്‍ലൈന്‍ ഉണ്ടോ എന്ന് ശ്രദ്ധിച്ചില്ല. നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും, സ്റ്റാറ്റസ് അപ്ഡേറ്റ് ടെക്സ്റ്റ്‌ ബോക്സില്‍ ഞാന്‍ ടൈപ്പ് ചെയ്തു.

“മലാല… പ്രിയപ്പെട്ട അനുജത്തി… ഞാന്‍ കാത്തിരിക്കുന്നു…”

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w