അത്തര്‍ മണക്കാത്ത പെണ്‍കുട്ടി

എന്റെ ഫോണില്‍ അക്കാലത്ത് ഒരുപാട് തവണ വന്നിട്ടുള്ള ഒരു forward മെസ്സേജ് ആയിരുന്നു അവളുടെ ഡയറിയുടെ ആമുഖമായി എഴുതിയിരുന്നത്. എപ്പോഴെങ്കിലും പിരിയേണ്ടി വരും എന്ന് അവള്‍ അന്നേ കണക്കു കൂട്ടിയിരുന്നു എന്ന് തോന്നുന്നു. എനിക്കും അതേപ്പറ്റി അറിയാമായിരുന്നു. രണ്ടു പേര്‍ക്കും അറിയാമായിരുന്നു. അപ്പോള്‍ പിന്നെ പരസ്പരം ഒന്ന് കൂടി പറഞ്ഞിട്ട് എന്ത് വിശേഷം?

“ആ ഡയറിയില്‍ ഞാന്‍ സംസാരിച്ചതത്രയും നിന്നോടായിരുന്നു. ചിലപ്പോഴൊക്കെ തോന്നാറുണ്ട്, ആ ഡയറി നീ തന്നെയാണോ എന്ന്…”

ഞാന്‍ … പകുതിയില്‍ കൂടുതല്‍ എഴുതാത്ത താളുകളുള്ള അവളുടെ ഡയറി! ഒരു കൌതുകം കടന്നുകൂടി മനസ്സില്‍ . അവള്‍ പറഞ്ഞത് സത്യമായിരുന്നെങ്കില്‍ എന്ന് വെറുതെ ചിന്തിച്ചു. എന്തിനെന്നു ചോദിച്ചാല്‍ അറിയില്ല.

ശീതീകരിച്ച ചില്ലുകൂട്ടിനകത്തു, എനിക്കഭിമുഖമായിരുന്ന്‍ കാപ്പി കഴിക്കുന്ന നേരം, പ്രണതി ചോദിച്ചു.

“ഇപ്പോള്‍ എത്ര നാളായി പിരിഞ്ഞിട്ട് ?”

അന്ന് ആ രാത്രി. അവളുടെ പിറന്നാള്‍ ദിനത്തിലെ രാത്രി. നിലാവ് പരന്നു തുടങ്ങിയിട്ടില്ല. ഷാഹിന പറഞ്ഞു.

“നമുക്ക് പിരിയാം.”

ചീവീടുകളോ മൂങ്ങകളോ മറ്റെന്തെല്ലാമോക്കെയോ ജീവികള്‍ ശബ്ദമുണ്ടാക്കി.

മനസ്സുകളില്‍ അന്നേരം നിശ്ശബ്ദത പടര്‍ന്നു പിടിക്കുകയായിരുന്നു…

ഇങ്ങനെ അറുത്ത് മുറിച്ച് അവളതു പറയുമെന്ന് ഞാന്‍ കരുതിയിരുന്നില്ല.ഒരുപക്ഷെ അവളും അങ്ങനെ കരുതിക്കാണില്ല. ഷാഹിന. അത്തറിന്റെ മണമില്ലാത്ത പെണ്‍കുട്ടി.

“അതെന്താ മുസ്ലിം പെണ്‍കുട്ടി ആണെങ്കില്‍ അത്തറിന്റെ മണം വേണംന്ന് നിര്‍ബന്ധാ?”

ക്ലാസ്റൂമില്‍ മറ്റാരും അവളുടെ സംസാരം കേള്‍ക്കുന്നില്ല എന്നവള്‍ ഉറപ്പുവരുത്തുന്നുണ്ടായിരുന്നു ഇടയ്ക്കിടെ.

“അങ്ങനെയല്ല. എന്നാലും പൊതുവേ അങ്ങനെ ആണല്ലോ വയ്പ്പ്…”

അവളുടെ മുഖത്ത് കൃതൃമമായൊരു പരിഭവം കണ്ടു.

“എനിക്ക് അത്തര്‍ ഇഷ്ടമല്ല.”

അവള്‍ക്കു അത്തര്‍ ഇഷ്ടമല്ലായിരുന്നു. എനിക്കും. സ്വര്‍ണ്ണവും ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും ഇഷ്ടമല്ലായിരുന്നു. മാപ്പിളപ്പാട്ടെന്നു  പറഞ്ഞു ഇറങ്ങുന്ന പൈങ്കിളി പഞ്ചാരപ്പാട്ടുകളും ഞങ്ങള്‍ക്ക് ഇഷ്ടമല്ലായിരുന്നു. എങ്കിലും ഒരുനാള്‍ ഞാന്‍ അവളുടെ കണ്ണുകളില്‍ ഈ ലോകം മുഴുവന്‍ കാണുന്നു എന്ന് പറഞ്ഞപ്പോള്‍ അവള്‍ എന്നെ കളിയാക്കിയില്ല. പകരം എന്റെ കണ്ണുകളിലേക്കു നോക്കിയിരുന്നു അവള്‍ . സമയം എന്നെന്നേക്കുമായി ആ നിമിഷത്തില്‍ നിലച്ചു പോയെങ്കില്‍ എന്ന് ഞാന്‍ ആശിച്ചു.

“നാലു വര്‍ഷം… നാലു വര്‍ഷം കഴിഞ്ഞിരിക്കുന്നു…”

പ്രണതിയോടത് പറഞ്ഞപ്പോള്‍ എനിക്ക് തന്നെ അദ്ഭുതം തോന്നി. മനസ്സില്‍ അല്പ്പായുസ്സായ ഒരു പ്രണയത്തിന്റെ ഋതു പിന്നെയും നീളുന്നു. മഴയും തണുപ്പും ബാക്കിയാകുന്നു. എന്നിട്ടും ഞാനറിയാതെ, മഴയും തണുപ്പും മാറാതെ, നാലു വര്‍ഷം കടന്നുപോയിരിക്കുന്നു!

“പിന്നീടൊരിക്കലും കണ്ടില്ലേ?” പ്രണതി സംശയം ചോദിച്ചു.

“ഇല്ല.”

കപ്പിന്റെ വക്കില്‍ വിരലോടിച്ച്, എന്നെ പാളിയൊന്നു നോക്കി, അവള്‍ പറഞ്ഞു.

“ടീനേജില്‍ തോന്നിയ ഒരു ഇന്‍ഫാക്ക്ച്ചുവേഷന്‍ … അവള്‍ പോലും ഇതൊക്കെ മറന്നിട്ടുണ്ടാകും! നിനക്കും മറക്കാനുള്ള സമയമൊക്കെ ആയിരിക്കുന്നു..!”

ഞാന്‍ മറുപടി പറഞ്ഞില്ല. ചിരിച്ചു. ചിരിച്ചെന്നു വരുത്തി.

യൂത്ത് ഫെസ്റിവലിന്റെ ഇടക്കാണ് അവള്‍ ഡയറി തന്നത്. തലേ ദിവസം ഫോണ്‍ ചെയ്യുന്നതിനിടെ അവളത് തരുമെന്ന് പറഞ്ഞിരുന്നു. ക്ലാസ്മുറിയില്‍ ഒറ്റയ്ക്കിരിക്കുകയായിരുന്നു ഞാന്‍ . അവള്‍ കടന്നു വരുമ്പോള്‍ , കുറച്ചു മുന്‍പ് മാത്രം തീര്‍ന്ന ഒപ്പന മത്സരത്തിനായി അവള്‍ തേച്ച ചായം കുറെയൊക്കെ ബാക്കിയുണ്ടായിരുന്നു അവളുടെ മുഖത്ത്. വന്നയുടനെ അവള്‍ ഡയറി എനിക്ക് നേരെ നീട്ടി. ഞാനത് വാങ്ങി.

“ഒപ്പന നന്നായിരുന്നു. നീ ഒരുപാട് സുന്ദരിയായിരുന്നു സ്റ്റേജില്‍ … പക്ഷെ ഇപ്പൊ മുഖത്തിരിക്കുന്ന ചായം നിന്റെ മുഖം മറയ്ക്കുന്ന പോലെ..” ഞാന്‍ പറഞ്ഞു.

അവള്‍ കൈയ്യിലിരുന്ന തൂവാലകൊണ്ട് മുഖം തുടയ്ക്കാന്‍ തുടങ്ങി.

“എനിക്ക് മാത്രമായി എന്നാ നീ ഡാന്‍സ് ചെയ്യുക ഷാഹിന? കുറച്ചു വര്‍ഷം കഴിയുമ്പോ ചെയ്യുമോ?”

അവള്‍ മുഖം തുടയ്ക്കുന്നത് നിര്‍ത്തി എന്റെ നേരെ നോക്കി. അങ്ങനെയൊന്നു നടക്കുമെന്ന വിശ്വാസം അവക്കുണ്ടായതായി തോന്നിയില്ല. അവള്‍ പറഞ്ഞു.

“ഇന്‍ഷാ അള്ളാഹ്…”

എന്നിട്ട് തിരിച്ചു നടന്ന്, അവള്‍ ക്ലാസിനു വെളിയിലേക്ക് പോയി.

“ഷാഹിനയ്ക്കു എത്രയുണ്ട് മാര്‍ക്ക്?”

അമ്മ ചോദിച്ചു. മുഖത്ത് ഭാവമാറ്റം വരാതിരിക്കാന്‍ ഞാന്‍ നന്നേ പാടുപെട്ടു.

അമ്മയോട് ഒരിക്കലും പറഞ്ഞിട്ടില്ല. എനിക്കൊരു കാമുകി ഉണ്ടെന്നും… അവളുടെ പേര് ഷാഹിന എന്നാണെന്നും… അവള്‍ക്കു അത്തര്‍ ഇഷ്ടമല്ലെന്നും… ഒരിക്കലും പറഞ്ഞിട്ടില്ല. എന്നിട്ടും അമ്മയറിഞ്ഞു. എങ്ങനെ എന്നത് അജ്ഞാതമാണ്… അമ്മയെല്ലാം അറിയുന്നു!

“നാല്‍പ്പത്തിയേഴ്…” ഞാന്‍ പറഞ്ഞു.

“കുറവാണല്ലോ?”

എണ്ണയില്‍ പപ്പടം ഒരെണ്ണം മറിച്ചിട്ടുകൊണ്ട് അമ്മ തുടര്‍ന്നു.

“ഉഴപ്പരുത്‌ എന്ന് പറയണം…”

അതൊരു പരോക്ഷമായ അംഗീകാരമായാണ് എനിക്ക് തോന്നിയത്. അത്തര്‍ മണക്കാത്ത ഒരുവളെ എന്റെ കാമുകിയായി അമ്മ അംഗീകരിച്ചിരിക്കുന്നു!

കേട്ടപ്പോള്‍ അവള്‍ ചിരിച്ചു. അവള്‍ക്കു മുന്‍പൊരിക്കലും തോന്നിയിട്ടില്ലാത്ത ഒരു അധികാരം എനിക്കുമേല്‍ വന്ന പോലെ തോന്നി അന്ന് മുതല്‍ …

” I know you are hurt! പക്ഷെ ഉപ്പ… നിനക്കറിയാല്ലോ… ഉപ്പ പറഞ്ഞാ പിന്നെ…”

ഉപ്പ പറഞ്ഞിരിക്കുന്നു. എന്താണെന്നത് പ്രസക്തമല്ല. ഉപ്പ പറഞ്ഞു. അവള്‍ക്ക് ഉപ്പയെ ഒരുപാടിഷ്ടമാണ്… ഉമ്മയേയും… അനിയത്തിയേയും… എന്റെ കാര്യം ഞാനപ്പോള്‍ ചോദിച്ചില്ല. ഈ സമയത്ത് ഞാന്‍ ചോദിച്ചാല്‍ അവള്‍ക്കു ഉത്തരമുണ്ടാകില്ല.ഞാനറിയുന്നു.

“എന്നാല്‍ അങ്ങനെയാകട്ടെ…”

“I am sorry…”

അവളുടെ ശബ്ദമിടറി. ഞാന്‍ ചിരി വരുത്തി.

“Many many happy returns of the day!”

അവള്‍ നിശ്ശബ്ദയായി. നിമിഷങ്ങളില്‍ നിന്നും, മണിക്കൂറുകളില്‍ നിന്നും, ദിവസങ്ങളില്‍ നിന്നും. മാസങ്ങളില്‍ നിന്നും പല പല ഋതുക്കളിലേക്ക് അവളുടെ നിശ്ശബ്ദത തുടര്‍ന്നു…

തുടര്‍ന്നു പോന്ന മൌനത്തിന്റെ നാളുകളിലൊന്നില്‍ അമ്മ പറഞ്ഞു.

“വയസ്സുകാലത്ത് ഞങ്ങളെ നോക്കുന്ന ഒരു പെണ്ണിനെ മതി. അല്ലാണ്ട് ജാതീം മതോം ഒന്നും നോക്കണ്ട…”

ഷാഹിനയെക്കുറിച്ച് അമ്മയോട് അപ്പോഴും ഞാന്‍ ഒന്നും പറഞ്ഞിരുന്നില്ല. ഞങ്ങള്‍ക്കിടയിലെ മൌനം അമ്മ മനസ്സിലാക്കി തുടങ്ങിയിരുന്നില്ല അപ്പോള്‍ . മുഖത്തെ ഭാവം മാറാതെ ഞാന്‍ ചിരിച്ചുകൊണ്ട് മൌനം അനുഷ്ഠിച്ചു.

അമ്മേ… വയസ്സുകാലത്ത് അമ്മയെ നോക്കാനുള്ള പെണ്‍കുട്ടിക്ക്, അത്തറിന്റെ മണമില്ലാത്ത പെണ്‍കുട്ടിക്ക്, അവളുടെ ഉപ്പയെ വലിയ ഇഷ്ടമാണ്.ഉമ്മയേയും അനിയത്തിയേയും ഇഷ്ടമാണ്. ഇതിനിടയില്‍ , അമ്മേ , ഞാന്‍ എന്റെ കാര്യം ചോദിച്ചില്ല.

“അവള്‍ നിന്നെക്കുറിച്ചു മാത്രം ചോദിച്ചില്ല.”

പറയുമ്പോള്‍ സാഹിലിന്റെ മുഖത്ത് എനിക്കെന്തു തോന്നുമെന്ന് വിചാരിച്ചുള്ള ഒരു അങ്കലാപ്പ് പ്രകടമായിരുന്നു. എന്നെക്കുറിച്ച് മാത്രം അവള്‍ ചോദിച്ചില്ല! പലപ്പോഴായി അവളെ കണ്ട പലരും പറഞ്ഞു. ഇതേ വാചകം.

“അവളെന്തിനു ചോദിക്കണം?” ഞാന്‍ എല്ലാവരോടും പറഞ്ഞു.

ഡയറിയുടെ ആമുഖത്തില്‍ അവളെഴുതി.

“നിനക്കെന്നെ കാണണമെന്ന് തോന്നുമ്പോള്‍ ,
ഘോരവനങ്ങളിലോ നക്ഷത്രങ്ങള്‍ക്കിടയിലോ
തിരക്കേറിയ വീഥികളിലോ വിജനമായ തീരങ്ങളിലോ എന്നെ തിരയരുത്.
നീ നിന്റെ ഹൃദയത്തിലേക്ക് നോക്കുക.
അവിടെ ഞാനുണ്ടാകും.
ഈ ലോകത്തില്‍ എനിക്കേറ്റവും സുരക്ഷിതമെന്ന് തോന്നുന്നയിടത്ത്…”

അവളെന്തിന് അന്വേഷിക്കണം!

അവള്‍ മറന്നിരിക്കാം!

“ഷാഹിനാ…”

“ഉം…”

“ടീനേജില്‍ തോന്നിയ ഒരു ഇന്‍ഫാക്ക്ച്ചുവേഷന്‍ … ”

“ഉം…”

“നാലു വര്‍ഷം കഴിഞ്ഞിരിക്കുന്നു…”

“ഉം…”

“മറന്നുകൂടെ നിനക്കെന്നെ?”

കോരിച്ചൊരിയുന്ന പെരുമഴക്കാലങ്ങളില്‍ ,
ഇലയകന്ന ശിശിരങ്ങളില്‍ ,
വരണ്ടുണങ്ങിയ വേനലുകളില്‍ ,
പൂക്കള്‍ വിരിയുന്ന വസന്തങ്ങളില്‍ ,
അറിയാതെ പോയ മനസ്സിന്റെ എത്രയെല്ലാമോ ഋതുക്കളില്‍ ,
പിന്നെയും മൌനം തുടര്‍ന്നു…

Advertisements

5 thoughts on “അത്തര്‍ മണക്കാത്ത പെണ്‍കുട്ടി

  1. Somehow came across this link, വായിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരു യാത്രക്കിടയില്‍ എന്നോട് എന്റെ ഒരു പ്രിയ സുഹൃത്ത്‌ പറഞ്ഞ കഥയുമായി നല്ല സാമ്യം തോന്നി… വായിച്ചു തീര്‍ന്ന് Author-ന്റെ പേര് കണ്ടപ്പോഴാണ്… ഇത് അതേ പുന്നാരമോന്‍ സുഹൃത്തിന്റെ ആണെന്ന് അറിഞ്ഞത്… 😀
    കൊള്ളാം… ഇഷ്ടമായി… 🙂

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w