ദി ഹനുമാന്‍ സ്റ്റോറി | The Hanuman Story

അമ്മയുടെ “അനുമോനേ” എന്ന വിളിയില്‍ നിന്ന് “ഹനുമാന്‍ ” എന്ന പേര് ആദ്യം വേര്‍തിരിച്ചെടുത്തത്, ഞാന്‍ നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ , വീട് പണിയാന്‍ വന്ന കുട്ടപ്പന്‍ ചേട്ടനാണ്  എന്നാണെന്റെ ഓര്‍മ്മ. അതൊരു ചരിത്രപരമായ കണ്ടെത്തലായിരുന്നു എന്ന് പറയാതെ വയ്യ! ഇംഗ്ലീഷില്‍ അതിനെ “invention” എന്നല്ല “discovery” എന്ന് വേണം പറയാന്‍ . കാരണം എന്റെ അമ്മ എന്നെ അതിനു മുന്‍പും “അനുമോനേ” എന്ന് വിളിക്കാറുണ്ടായിരുന്നു. പക്ഷേ അതാരും കണ്ടെത്തിയില്ല. അതിനു വേണ്ടി ഒരു കുട്ടപ്പന്‍ ചേട്ടന്‍ അവതരിക്കേണ്ടി വന്നു. കല്ലുകള്‍ അടുക്കി അടുക്കി വീടുണ്ടാക്കുന്നവന്റെ നിരീക്ഷണപാടവവും ശ്രദ്ധയും വേണ്ടി വന്നു. അല്ലെങ്കില്‍ അദ്ദേഹത്തിനായിരുന്നു അതിനുള്ള നിയോഗം!

സത്യത്തില്‍ കുട്ടപ്പന്‍ ചേട്ടന്‍ അന്ന് ആ കണ്ടുപിടുത്തം നടത്തിയില്ലായിരുന്നെങ്കില്‍ പിന്നീട് അത് മറ്റാരെങ്കിലും കണ്ടെതിയേനെ എന്നത് നിസ്സംശയമാണ്. അത്രയ്ക്കും സമാനതയാണ് “അനുമോനും” “ഹനുമാനും” തമ്മില്‍, എന്റെ അമ്മയുടെ നാവില്‍ നിന്നും വരുമ്പോള്‍ …

അക്കാലത്ത് ശനിയാഴ്ച്ച രാത്രി 9 .30നു ദൂരദര്‍ശനില്‍ “ജയ് ഹനുമാന്‍ ” സീരിയല്‍ വരുമായിരുന്നു. അതിലെ ഹനുമാന്റെ മുഖം എന്റെ മുഖവുമായി സാമ്യമുണ്ട് എന്ന കിംവദന്തി പരത്തിയതില്‍ എന്റെ ചേച്ചിയുടെ പങ്കു ചില്ലറയൊന്നുമല്ല! അമ്മ അന്നും ഇന്നും “അനുമോനെ” എന്നാണ് വിളിക്കുന്നതെങ്കിലും എന്റെ ചേച്ചി ഇക്കാലമെല്ലാം തന്നെ ഹനുമാനെ എന്ന് എല്ലാ അവസരത്തിലും വിളിച്ചു, ആ പേരിന്റെ ബ്രാന്‍ഡ്‌ അംബാസിഡര്‍  ആയി സ്വയം അവരോധിക്കുകയായിരുന്നു. കുട്ടപ്പന്‍ ചേട്ടന്‍ ആ പേര് കണ്ടുപിടിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ “ഹനുമാന്‍ ” സര്‍വവ്യാപിയായി! അയല്‍പക്കത്തും ബന്ധുവീടുകളിലും എന്ന് വേണ്ട എല്ലായിടങ്ങളിലും ഹനുമാന്‍ അങ്ങ് famous ആയി! ഞാന്‍ പഠിച്ച വിദ്യാലയങ്ങളില്‍ മാത്രം ഈ പേര് ഒരിക്കല്‍ പോലും കടന്നു വന്നില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തുകയും രഹസ്യമായി സന്തോഷിപ്പിക്കുകയും ചെയ്തു…

“ഹനുമാന്‍ ” എന്ന പേര് എന്നെ അലോസരപ്പെടുത്തുക തന്നെ ചെയ്തു. പ്രത്യേകിച്ച് അതെന്റെ ചേച്ചി വിളിക്കുമ്പോള്‍ … ഇതിന്റെ പേരില്‍ ചേച്ചി വാങ്ങിക്കൂട്ടിയ അടിയുടെയും ഇടിയുടെയും കണക്കു പറഞ്ഞാല്‍ ഞാന്‍ ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം അകത്തു പോകും! (ഇത് കണ്ടു പോലീസ് കേസ് എടുത്താല്‍ അതിനെ പ്രതിരോധിക്കാന്‍ അവള്‍ തന്ന മാന്തുകളുടെ പാടുകള്‍ ഞാന്‍ തെളിവായി ബോധിപ്പിക്കുമെന്ന് അറിയിച്ചുകൊള്ളട്ടെ… ഞാനെക്കാലത്തും എന്റെ ചേച്ചിയുടെ നഖങ്ങളെ വെറുക്കുവാനും കാരണം മറ്റൊന്നല്ല! )

“ജയ് ഹനുമാന്‍ ” ടൈറ്റില്‍ മ്യൂസിക്‌ ആണ് എന്നെ കളിയാക്കുന്നവര്‍ (അയല്‍പക്കത്തെ അനുവാണ് അതില്‍ പ്രധാന പുള്ളി!) എനിക്കെതിരെ പ്രയോഗിക്കാറുള്ള ഒരായുധം. ഞാന്‍ ഇക്കൂട്ടര്‍ക്കെതിരെ എന്തെങ്കിലും സംസാരിച്ചു തുടങ്ങുമ്പോള്‍ ഇവര്‍ ഇപ്രകാരം മൊഴിഞ്ഞു തുടങ്ങും…

“ജയ് ഹനുമാന്‍ … ടിഡിഡീഡി ടിഡി ഡിഡി ഡിഡി ഡിഡി.. മംഗളമീ ജന്മം മംഗളം നല്‍കും…  ”

മറ്റൊന്ന് ബ്രിട്ടാനിയയുടെ പരസ്യത്തിലെ മ്യൂസിക്‌ ആകുന്നു..

“ബ്രിട്ടാനിയ അവതരിപ്പിക്കുന്ന ജയ് ഹനുമാന്‍ … ടിംഗ് ടിംഗ് ടിഡിംഗ്… ”

കേള്‍ക്കുമ്പോള്‍ പെരുവിരല്‍ തൊട്ടു ഒരു തരിപ്പ് കയറും… ചിലപ്പോള്‍ പറയുന്നവരെ ഓടിച്ചിട്ട്‌ തല്ലും… ചിലപ്പോള്‍ ശാന്തമായി മൌനം അനുഷ്ഠിക്കും…

ഹനുമാന്‍ പലപ്പോഴും എന്റെ വീടിന്റെ ആഭ്യന്തര പ്രശ്നമായി മാറി. പണ്ട് ദിലീപ് മീശമാധവനില്‍ പറഞ്ഞ പോലെ “ഒരു യുദ്ധം ഏതു നിമിഷവും ഉണ്ടാകാം ” എന്ന അവസ്ഥ ആയിരുന്നു വീട്ടില്‍ !
ചേച്ചിയുടെ ചിരി കലര്‍ന്ന “ഹനുമാന്‍ പ്രയോഗങ്ങള്‍ ” പലപ്പോഴും വലിയ വായിലുള്ള കരച്ചിലിന്റെ ഉപ്പുരസത്തില്‍ ആണ് അവസാനിക്കാറ്! ഇപ്പറഞ്ഞ കണ്ണുനീര്‍ എന്റെ കണ്ണില്‍ നിന്നും ഒഴുകുന്ന കന്നുനീരാണെന്നു ചിന്തിച്ചവരേ, “ഗ്രോ അപ്പ്‌ “! ഞാന്‍ പണ്ട് എന്തായിരുന്നു മൊതല്! കൊടുത്ത തല്ലുകള്‍ ഓര്‍ക്കുമ്പോ ഇപ്പോഴും കുളിരുകോരുന്നു!

എന്നിരുന്നാലും “ജയ് ഹനുമാന്‍ ” എന്ന ടെലിവിഷന്‍ പരമ്പര എന്നെ ഹരം കൊള്ളിക്കുന്നതില്‍ കുറവൊന്നും വന്നില്ല എന്നതാണ് വാസ്തവം. പതുക്കെ പതുക്കെ ഹനുമാന്‍ എന്റെ ഇഷ്ട ദൈവമായി മാറി എന്ന് വേണമെങ്കില്‍ പറയാം… ശ്രീകൃഷ്ണനെ സ്നേഹിച്ച കൌമാരകാലത്തില്‍ പഞ്ചാരയടി മാത്രമല്ല ജീവിതം എന്ന് കാണിച്ചു തരികയായിരുന്നു ഹനുമാന്‍ ! മഹാബലവാന്‍ !

പ്ലസ്‌ ടു  പഠിക്കുന്ന സമയത്ത് നിഷ്കളങ്കമായ പുഞ്ചിരിയാല്‍ ഒരുവള്‍ എന്റെ മനം കവര്‍ന്ന കാലം. കടുത്ത പ്രണയം മനസ്സില്‍ ആയിരം വസന്തകാലങ്ങള്‍ തീര്‍ത്ത സമയം! അങ്ങനെ പ്രണയ പരവശനായി സ്കൂളിന്റെ വരാന്തകളിലൂടെ തേരാ പാര നടന്ന ആ കാലത്തില്‍ , ഒരുനാള്‍ എന്റെ മനസ്സില്‍ മാത്രം ഒതുക്കിയ ഈ ഭീകര രഹസ്യം ഞാന്‍ ഒരു സുഹൃത്തിനോട്‌ പങ്കുവച്ചു.

ക്ലാസ്സില്‍ സര്‍ പഠിപ്പിക്കുകയായിരുന്നു. ബോര്‍ഡില്‍ എന്തോ എഴുതാന്‍ സര്‍ അവളെ വിളിച്ചു. അവള്‍ ചിരിച്ചു കൊണ്ട് മുന്നോട്ടു ചെന്നു. അടുത്തിരുന്ന ഈ സുഹൃത്തിനോട്‌ ഞാന്‍ പറഞ്ഞു.

“ഈ ചിരി എന്നെ വല്ലാതെ ആകര്‍ഷിക്കുന്നുണ്ടോ എന്നൊരു ഡൌട്ട്!”

അവന്‍ എന്നെ ഒന്ന് രൂക്ഷമായി നോക്കി. എന്നിട്ട് പറഞ്ഞു.

“വെറുതെ പഠിത്തം കളയണ്ട. Concentrate on your studies !”

അതായിരുന്നു ജീവിതത്തിലെ എന്റെ ആദ്യ KT മിറാഷ് ദര്‍ശനം! ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അന്ന് അവനു ഒരു specs കൂടി ഉണ്ടായിരുന്നെങ്കില്‍ തനി സാള്‍ട്ട് ന പെപ്പെര്‍ KT മിറാഷ് ആയേനെ എന്ന് തോന്നുന്നു.! പക്ഷെ കാലത്തിന്റെ ഒഴുക്കില്‍ ഇതേ KT മിറാഷ് ഒരു പെണ്ണിനെ തടഞ്ഞു നിര്‍ത്തി propose ചെയ്തു എന്നാണു കേട്ടുകേള്‍വി!  എന്തിരോ എന്തോ!

ആദ്യം മിറാഷ് വചനങ്ങള്‍ എന്നെ സ്വാധീനിച്ചെങ്കിലും, ക്ലാസ്സ്‌ റൂമിലെ സ്ത്രീജനങ്ങള്‍ക്കിടയിലെ നിഷ്കളങ്കമായ ആ ചിരി എന്നെ കീഴ്പ്പെടുത്തുക തന്നെ ചെയ്തു! അങ്ങനെ അടക്കിവച്ച പ്രണയത്തിന്റെ ചിന്തകളുമായി കുറച്ചു നാള്‍ … സ്വന്തം സൌന്ദര്യത്തിനെകുറിച്ചുള്ള ആത്മവിശ്വാസം കാരണം അവളോട്‌ പ്രണയം തുറന്നു പറയുക എന്നത് എന്റെ വിദൂരമായ സ്വപ്നങ്ങളില്‍ പോലും ഇല്ലായിരുന്നു…

*****

വനത്തില്‍ , താടി തടവി തന്നെ രൂക്ഷമായി നോക്കുന്ന മുനിവര്യനു മുന്നില്‍ ഹനുമാന്‍ നിശ്ശബ്ദനായി നിന്നു… കാണിച്ചു വച്ച വികൃതികള്‍ക്ക് താന്‍ എന്തോ ശിക്ഷ അനുഭവിക്കാന്‍ പോകുന്നു എന്ന് മാത്രം ഹനുമാന്‍ അറിഞ്ഞു. കാടും നിശ്ശബ്ദമായത് ഹനുമാനെ തെല്ലൊന്നു അമ്പരപ്പെടുത്തി. ആ അമ്പരപ്പിന്റെ ചിന്തകള്‍ മനസ്സില്‍ ആഴത്തിലേക്കിറങ്ങും മുന്‍പ് മുനിയുടെ ശബ്ദം ചുറ്റും തളം കെട്ടി നിന്ന മൌനത്തെ കീറിമുറിച്ചു.
“വാനരാ…  അവശ്യഘട്ടങ്ങളില്‍ , അതീവ ശക്തിമാനായ നീ , സ്വന്തം ശക്തിപ്പറ്റി വിസ്മരിക്കും. മറ്റൊരാള്‍ ഓര്‍മ്മപ്പെടുത്താതെ നിനക്കുള്ളിലെ ശക്തി, നിന്റെ കഴിവുകള്‍ , നീ ഓര്‍മ്മിക്കുകയില്ല… ഇതാണ് നിനക്കുള്ള ശാപം! ”

*****

ക്ലാസ്സില്‍ വളരെ അടുത്ത ചില സുഹൃത്തുക്കള്‍ സംഭവം അറിഞ്ഞു. പ്രസ്തുത സംഘത്തില്‍ സ്ത്രീ കഥാപാത്രങ്ങളും കുറവല്ല. എന്റെ മനസ്സിലെ പ്രണയവും അത് പ്രകടിപ്പിക്കാനുള്ള മടിയും ഉച്ചയൂണിനു ഇടയില്‍ ഞങ്ങള്‍ക്കിടയിലെ സ്ഥിരം ചര്‍ച്ചാവിഷയമായി.  ചര്‍ച്ചയില്‍ ഞാന്‍ എന്റെ മടിയെ ന്യായീകരിക്കുകയും അവര്‍ അതിനെ സംഘം ചേര്‍ന്ന് ചോദ്യം ചെയ്യുകയും ചെയ്തു പോന്നു. ഒരു നാള്‍ ഒരുവള്‍ പറഞ്ഞു.

“ഡാ നിനക്ക് നിന്റെ ഇമേജ് എന്താണെന്ന് അറിയാന്‍ പാടില്ലാത്ത കൊണ്ട… നീ ധൈര്യായി അവളോട്‌ ചെന്നു പറ…”

വെറുതെ അവള്‍ ധൈര്യം തന്നു ആളെ കൊല്ലാന്‍ നോക്കിയതായിരുന്നു. എങ്കിലും എനിക്ക് ഈ വാക്കുകള്‍ തന്ന ധൈര്യം ചില്ലറയൊന്നുമല്ല. തുറന്നു പറയാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.

അടുത്ത ദിവസം പറയാന്‍ ഒരുപാട് തവണ ശ്രമിച്ചെങ്കിലും അത് നടന്നില്ല. ഈ ധൈര്യത്തിന് ഒക്കെ ഒരു പരിധി ഇല്ലേ?

എന്റെ ശ്രമങ്ങള്‍ പാളുന്നത് കണ്ട മേല്‍പ്പറഞ്ഞ എന്റെ സുഹൃത്തുക്കള്‍ അവളെ നേരിട്ട് പോയി കണ്ടു കാര്യം പറഞ്ഞു. അവളുടെ കണ്ണുകള്‍ നിറഞ്ഞു എന്നാണു ആ രംഗം കണ്ടവര്‍ വിവരിച്ചു തന്നത്. അത് പക്ഷെ നിര്‍വൃതി കൊണ്ടല്ലായിരുന്നു… ഒരു ഞെട്ടല്‍ ! അത്ര തന്നെ!

എന്നിരുന്നാലും വര്‍ഷം ഒന്ന് കഴിയുന്നതിനു മുന്‍പേ, മഴ തിമിര്‍ത്തു പെയ്ത ഒരു വൈകുന്നേരം, അവള്‍ എന്റെ സ്വപ്നങ്ങള്‍ക്ക് ജീവിതത്തിന്റെ നിറങ്ങള്‍ നല്‍കി, എനിക്ക് വേണ്ടി ഒരു പുഞ്ചിരി സമ്മാനിച്ചു!

അവളോട്‌ പ്രണയം തുറന്നു പറയാന്‍ ഞാന്‍ തീരുമാനിച്ച ആ നിമിഷമായിരിക്കണം, ഹനുമാന്‍ എന്റെ ജീവിതത്തില്‍ ഒരു ഇരട്ടപ്പേര് മാത്രമല്ല എന്ന് ആദ്യമായി ഞാന്‍ തിരിച്ചറിഞ്ഞത്. ഹനുമാന്‍ , എന്റെ വ്യക്തിത്വത്തിനോട് കലര്‍ന്നിരിക്കുന്ന എന്തോ ഒന്നാണെന്ന് ആദ്യമായി തോന്നിയത് അന്നാണ്…

എന്നിലെ പ്രണയത്തിലൂടെയാണ് ആദ്യമായി ഞാന്‍ ആഞ്ജനേയനെ എന്നില്‍ തന്നെ കണ്ടതെന്നത് പറയുമ്പോള്‍ , ഹനുമാന്‍ നിത്യബ്രഹ്മചാരി ആണെന്നിരിക്കെ, വിരോദാഭാസമായി തോന്നാം! എന്നാല്‍ ചില സത്യങ്ങള്‍ അങ്ങനെയാണ്!

പ്രണയത്തില്‍ ആയിരിക്കുക എന്ന അവസ്ഥ പറഞ്ഞു വിവരിച്ചു ബോധ്യപ്പെടുത്തുക എന്നത് പ്രയാസമാണെന്ന് ഞാന്‍ പറഞ്ഞാല്‍ അത് വെറും ഒരു പൈങ്കിളി dilog ആണെന്ന് കരുതി പുച്ച്ച ഭാവത്തില്‍ ഇരിക്കുന്നവരോട്… നിങ്ങള്‍ എന്ത് കരുതിയാലും എനിക്ക് പുല്ലാണ്! പുല്ല്! ഞാന്‍ പറഞ്ഞത് അനുഭവത്തില്‍ നിന്നാണ്… എന്റെ ഇത് വരെയുള്ള ചെറിയ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു വര്‍ഷം! അതായിരുന്നു എന്റെ പ്രണയകാലം!

പ്രണയത്തില്‍ ആയിരിക്കുക എന്നതുപോലെ പ്രണയനഷ്ടവും ഒരു മനോഹരമായ അനുഭവം തന്നെയാണെന്ന് പറയാതെ വയ്യ! ഒരു ഹിരോഷിമ ദിനത്തില്‍ , അപ്രതീക്ഷിതമായ ഒരു നിമിഷത്തില്‍ , അവള്‍ പിരിയാമെന്ന് അഭിപ്രായപ്പെട്ടു… കാരണം അന്വേഷിച്ചു… അവള്‍ എന്നെ സ്നേഹിച്ചിരുന്നു. അതിലേറെ അവളുടെ കുടുംബത്തെയും… ലളിതം!

ജീവിതത്തില്‍ എനിക്ക് ഏറ്റവും ബഹുമാനം തോന്നിയിട്ടുള്ള ചിലരില്‍ രണ്ടു പേരാണ് അവളുടെ അച്ഛനും അമ്മയും… അവള്‍ അങ്ങനെ ഒരു ആശയം മുന്നോട്ടു വച്ചപ്പോള്‍ എനിക്ക് ഒരുപാട് എതിര്‍ക്കാന്‍ കഴിയാതെ പോയതും അതായിരിക്കാം.

ഒരിക്കല്‍ എന്റെ സ്വപ്നമായിരുന്നവള്‍ , പിന്നെ എന്റെ ജീവിതമായവള്‍ , പിന്നെയും സ്വപ്നങ്ങളിലേക്ക് മടങ്ങി പോവുകയായിരുന്നു!

അനുഭവജ്ഞാനത്തില്‍ നിന്ന് രണ്ടാമതൊരു സത്യം കൂടി പ്രസ്താവിക്കുകയാണിവിടെ…

നിങ്ങള്‍  പ്രണയ നഷ്ടത്തില്‍ ആയിരിക്കുന്ന സമയത്ത് ഏതു വിരഹ ഗാനം കേട്ടാലും, ഏതു “senti Quote ” കണ്ടാലും,
“ഇത് എന്നെ ഉദ്ദേശിച്ചാണ്,
എന്നെ തന്നെ ഉദ്ദേശിച്ചാണ്,
എന്നെ മാത്രം ഉദ്ദേശിച്ചാണ്…”
എന്നൊക്കെ തോന്നും…
Quite Natural !

” യാരോ കൂടവേ വരുവാ…
യാരോ പാതിയില് പോവാ…
അത് യാരും എന്ന് ഒന്നും നമ്മ കൈയില്‍  ഇല്ലയെ…
വെളിച്ചം തന്തത് ഒരുത്തി…
അവളാ ഇരുട്ടില നിറുത്തി…
ജോരാ പയനത്ത കളപ്പി…
തനിയാ എങ്കെ പോവാളോ?  ”

വാരണം ആയിരത്തില്‍  മുടി വളര്‍ത്തിയ സൂര്യ എന്നെ വിഷമിപ്പിച്ചതിന് കയ്യും കണക്കുമില്ലായിരുന്നു!

പ്രണയനഷ്ടം, അനുബന്ധ നിരാശ എല്ലാം അവസാനിക്കാന്‍ വര്‍ഷം ഒന്നെടുത്തു എന്നതാണ് സത്യം. ഇതിനിടയില്‍  പലതും മാറി. നാട്ടിലെ കോളേജുകളില്‍  അഡ്മിഷന് കിട്ടുമായിരുന്നിട്ടും, സുഹൃത്തുക്കള്‍ മുഴുവന്‍  നാട്ടിലെ ഒരു കോളേജില്‍  അടിഞ്ഞു കൂടിയിട്ടും ഞാന്‍  പലായനം ചെയ്തു… നാട് വിട്ടു എന്നൊക്കെ വേണമെങ്കില്‍ പറയാം. ഓര്‍മ്മകള്‍ എന്നെ ഭയപ്പെടുത്തിയിരുന്നു. ഒരു മാറ്റം ആവശ്യമാണെന്ന് തോന്നി. ഓര്‍മ്മകളുടെ തടവുകാരന്‍  അങ്ങനെ പ്രവാസം തെരഞ്ഞെടുത്തു!

ചെങ്ങന്നൂര്‍ … ആവശ്യത്തില്‍  അധികം ബാങ്കുകളും ബാറുകളും ഉള്ള കൊച്ചു പട്ടണം… ഓട്ടോറിക്ഷക്കാര്‍ക്ക്  യാത്രാനിരക്ക് നിശ്ചയിക്കാന്‍ പ്രത്യേകാനുവാദം കല്പ്പിച്ചു കിട്ടിയതിനാല്‍ 2 കിലോമീറ്റര്‍  യാത്രക്കുപോലും 25ഉം 30ഉം ചിലപ്പോള്‍ അതിലേറെയും കൊടുക്കേണ്ടി വരുന്ന നാട്… ഭക്ഷണത്തിന് നിലവാരക്കുറവും നിരക്ക് കൂടുതലും ഉള്ള നാട്… എന്നിരുന്നാലും കോളേജ് ഓഫ് എഞ്ചിനീയറിംഗ്, ചെങ്ങന്നൂര്‍  എന്ന ഒരു വികാരം ഇന്നാട്ടിലെത്തുന്ന എന്നെയും എന്നെ പോലെ പലരെയും, ഈ നാടിനെ സ്നേഹിക്കാന്‍ പ്രേരിപ്പിക്കും… അനുഭവമാണ്!

പ്രണയനഷ്ടത്തിന്റെ ഓര്‍മ്മകള്‍ ചെങ്ങന്നൂരിലും മോശമല്ലാത്ത രീതിയില് പിന്തുടര്‍ന്നു . ഹിരോഷിമ ദിനത്തില്‍ തകര്‍ന്നടിഞ്ഞതാണ് ആ പ്രണയഗോപുരം  എങ്കിലും മനുഷ്യന്റെ പ്രതീക്ഷക്ക് ഒരു പരിധിയും ഇല്ല എന്ന് ഓര്‍മ്മിപ്പിച്ച കുറെ ദിവസങ്ങള്‍ ആയിരുന്നു അത്.. ഓര്‍മ്മകള്‍ പിന്തുടര്‍ന്നു  എങ്കിലും സ്ഥിരം പ്രവണതയായിരുന്ന ഫോണ് വിളികള്‍  ആ ഒരു വര്ഷത്തില്‍ ഒന്നോ രണ്ടോ തവണ മാത്രം സംഭവിച്ച പ്രതിഭാസങ്ങള്‍ ആയിരുന്നു. ആ രണ്ടു തവണയും, ഞാന്‍  അങ്ങോട്ടാണ് വിളിച്ചത് എന്നത് എടുത്തു പറയാതെ തന്നെ മനസ്സിലായിരിക്കുമല്ലോ! ആ രണ്ടു വിളികളിലൂടെ തന്നെ ഞാന്‍  തിരിച്ചറിഞ്ഞു. അവളെ അവളുടെ ലോകത്ത് ഒറ്റയ്ക്ക് വിടുന്നതാണ് ഉചിതമെന്ന്.

ഭാരമായി മാറുമ്പോള്‍  ഓര്‍മ്മകള്‍ അങ്ങനെ അങ്ങനെ അലിഞ്ഞില്ലാതായിരുന്നെങ്കില്‍ എന്ത് രസോണ്ടാര്‍ന്നു !

ചെങ്ങന്നൂരില്‍ വന്ന ഇടയ്ക്ക് എന്റെ ഫോണ് നമ്പര്‍  മാറിയിരുന്നു. എങ്കിലും പഴയ സിം   ഞാന് കളയാതെ സൂക്ഷിച്ചു. ജനുവരി 5 എന്ന ചരിത്രപ്രധാന ദിവസത്തില്‍ , ഈ പാവം ലേഖകന്റെ പിറന്നാള്‍ ദിനത്തില്‍ , രാത്രി 12 മുതല്‍  അടുത്ത രാത്രി 12 വരെ പഴയ സിം ഇട്ട് കാത്തിരുന്ന ഒരു തനി പൈങ്കിളി കാമുകനും എന്നില്‍  ഉണ്ടായിരുന്നു എന്നോര്ക്കുമ്പോള്‍  ചിരി വരുന്നു. ചിരിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനും ഇല്ലല്ലോ… ഒരിക്കലും സംഭവിക്കില്ലാത്ത എന്തിനോ വേണ്ടി കാത്തിരുന്ന ഒരാള്‍  …
അങ്ങനെയിരിക്കെ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ചെങ്ങന്നൂര്‍  എന്ന ഞങ്ങളുടെ CECയില്‍ ഒരു personality development ക്ലാസ്സ് നടന്നു. ഞാനും പങ്കെടുത്തു. ജ്വലിക്കുന്ന പേഴ്സണാലിറ്റി ഉള്ള ഞാന്‍ എന്തിനു അവിടെ പോയി ടൈം കളഞ്ഞു എന്ന് താങ്കള്ക്ക് ഇപ്പൊ തോന്നാം… സ്വാഭാവികം! ജസ്റ്റ് ഫോര്‍ ഹൊറര്‍ ! ഞാനും കേട്ടിരുന്നു ക്ലാസ്. “Your Past ” അതായിരുന്നു വിഷയം!
********
നിങ്ങളിലേക്ക് ഒരു സന്ദേശം എത്തിക്കാന്‍  നിയോഗിക്കപ്പെടുന്നവരുണ്ടാകും! നിയോഗം… മഹാബലവാന്‍ ഹനുമാന്റെ ജീവിതകഥയില്‍  ഏറ്റവും പ്രാധാന്യമുള്ള ഒന്നായിരുന്നു നിയോഗം! ഓരോ സന്ദേശങ്ങള്‍ ഹനുമാനിലേക്ക്  എത്തിയ്ക്കാന്‍  നിയോഗിക്കപ്പെട്ടവര്‍ എത്രയായിരുന്നു!
********
പേരറിയാത്ത ഒരു വ്യക്തി എനിക്ക് മുന്നില്‍ നിന്ന് സംസാരിക്കുകയാണ്.
“നിങ്ങളുടെ ഭൂതകാലം… അതിനെക്കുറിച്ച് ഓര്‍ത്തു നിങ്ങള്‍ക്ക് ഒരുപാട് സമയം കളയാം… ദുഖിക്കാം… ചെയ്യാത്ത കാര്യങ്ങള്‍ക്ക് ,ചെയ്ത തെറ്റുകള്‍ക്ക് പശ്ചാത്തപിക്കാം… പക്ഷെ ഒന്നുണ്ട്.. നിങ്ങളുടെ ഭൂതകാലത്തില്‍ നടന്ന ഒരു കാര്യത്തില്‍  ,എത്ര നേരം ഇരുന്നു ചിന്തിച്ചാലും, ഒരു കടുകിട വ്യത്യാസം നിങ്ങള്‍ക്ക്  വരുത്താനാകില്ല…”
അവസാനത്തെ ആ വാചകം… അത് ഒരു സന്ദേശമായിരുന്നു… ദൂരെയെവിടെ നിന്നോ ഒരു പ്രപഞ്ചശക്തി എനിക്കായി തരാന്‍  കരുതിവച്ച ഒരു cosmic message !
പ്രണയം എന്ന മാന്ത്രികമായ ഒരു വികാരത്തില്‍ നിന്നും നന്മ കിനിയുന്ന ഓര്‍മ്മകള്‍ മാത്രം വേര്‍തിരിച്ചെടുത്ത് മുന്നോട്ടു പോവുക എന്ന്  ആരോ മനസ്സില്‍ പറഞ്ഞുകൊണ്ടേയിരുന്നു…
ഒരിക്കല്‍  വീടിന്റെ ടെറസില്‍  നക്ഷത്രങ്ങളെ നോക്കി ഫോണില്‍  സല്ലപിക്കുമ്പോള്‍ അവള്‍  ചോദിച്ചു…
“ആകാശത്തില്‍ നിനക്ക് orion കാണാന്‍  പറ്റുന്നുണ്ടോ?  Constallation ? ഞാന്‍ കഴിഞ്ഞ ആഴ്ച്ച കണ്ടിരുന്നു…”
ഞാന്‍  നോക്കി… കണ്ടില്ല…
” ഇല്ല…”
“അയ്യേ…”
“ഓഹോ… എന്നാ അത് കണ്ടുപിടിച്ചിട്ടേ ഉള്ളു…”
അതിനു ശേഷം രാത്രിയിലെ ആകാശം കാണുമ്പോഴൊക്കെ ഞാന്‍  “orion ” തിരഞ്ഞിരുന്നു… നാളിതുവരെ ഞാനത് കണ്ടെത്തിയില്ല…
ഒരു പക്ഷെ എനിക്ക് അത് കണ്ടെത്താനുമാകില്ല…
എങ്കിലും ഞാന്‍  എന്നില്‍  നിന്നും അടര്‍ത്തി മാറ്റാനാകാത്ത ഒരു കാലത്തിന്റെ പോസിറ്റീവ് ആയ ഒരുപാട് ഓര്‍മ്മകള്‍ എന്നെ ഇപ്പോഴും inspire ചെയ്യുന്നു എന്നത് പറയാതിരിക്കാന്‍  വയ്യ…
***
നമുക്ക് നിയോഗിക്കപ്പെട്ടവരെ പറ്റി സംസാരിക്കാം…
ഓരോ കാലങ്ങളില്‍  ഓരോ അവതാരമെടുത്ത് ഓരോ സന്ദേശങ്ങള്‍ എനിക്കായി പകര്‍ന്നു  തന്നവരെക്കുറിച്ച്…
എന്റെ ജീവിതത്തില്‍  ട്വിസ്റ്റുകള്‍ കൊണ്ട് വന്നവരെ കുറിച്ച്…
എനിക്കെല്ലായ്പ്പോഴും അടുത്ത ഒരു സുഹൃത്തുണ്ടാകും… എല്ലായ്പ്പോഴും ആ സുഹൃത്തിന്റെ ആദ്യത്തെ ബെസ്റ്റ് ഫ്രണ്ട് ആയിരിക്കും ഞാന്‍  … കുറച്ചു നാള്‍ കഴിയുമ്പോള്‍  അയാള്ക്ക് അതിലും ബെറ്റര്‍ ആയ മറ്റൊരാളെ കിട്ടും… അയാള്‍ അങ്ങനങ്ങ് പോകും… ഞാന്‍  അവിടെ ഒരു “second option” ആകും… ആദ്യമാദ്യം വിഷമം തോന്നിയിരുന്നെങ്കിലും പിന്നെ  ആലോചിച്ചപ്പോള്‍  ഒരു സത്യം മനസ്സിലായി…
“I am the best second option ever!”
ഇത്രയധികം ആളുകളുടെ ജീവിതത്തില്‍ “second option ” ആവുക എന്നത് ചില്ലറ കാര്യം വല്ലതുമാണോ?
മെല്‍വിന്‍ എന്ന എന്റെ സുഹൃത്ത് തന്നെക്കുറിച്ച് തന്നെ ഉരുവിടുന്ന വാക്യം പോലെ പോലെ…
“I am awesome!”
***
സെക്കന്റ് ഇയറില്‍ വച്ച് തിരുവനന്തപുരത്ത് നടന്ന “Peer Educators Camp” എടുത്തു പറയേണ്ട ഒന്നാണ്. ജീവിതത്തെ കുറച്ചുകൂടി ലളിതവും യഥാര്‍ഥവുമായി  കണ്ടു തുടങ്ങുന്നത് ആ ക്യാമ്പ് കഴിഞ്ഞത് മുതലാണ് എന്ന് വേണമെങ്കില്‍  പറയാം.
എന്റെ മുന്നില്‍ ഒരു സ്ത്രീ നില്ക്കുകയാണ്… സദസ്സില്‍ ഇരിക്കുന്ന എന്നെപ്പോലെ ഒരുപാട് പേരുടെ ആകാംക്ഷ ആ സ്ത്രീ ആരാണ് എന്നതായിരുന്നു… ആ സ്ത്രീ സ്വന്തം പേര് പറഞ്ഞു… എന്നിട്ട് ചിരിച്ചുകൊണ്ട് പറഞ്ഞു…
“ഞാന്‍ HIV പോസിറ്റീവ് ആണ്”
ഒരു നിമിഷം… എല്ലാം നിശ്ശബ്ദം… മനസ്സില്‍  ആദ്യം വന്നത് ദൂരദര്ശനില്‍ കാണിക്കാറുള്ള HIV ബോധവല്ക്കരണ പരസ്യങ്ങളിലെ അങ്ങിങ്ങായുള്ള ചില ഭാഗങ്ങള്‍ ആയിരുന്നു… അങ്ങനെ ഒരുപാട് അകലെയെവിടെയോ ആണെന്ന് കരുതിയ ഒരാള്‍ ഇതാ എന്റെ മുന്നില്‍ … ഒരു വിളിയകലത്തില്‍ … ഭര്‍ത്താവില്‍ നിന്നും HIV അണുബാധ ലഭിച്ച ഒരു സ്ത്രീ ആയിരുന്നു അത്…അവരുടെ കഥ അക്ഷരാര്‍ഥത്തില്‍  അവിടിരുന്ന ഓരോരുത്തരെയും ഞെട്ടിച്ചു കളഞ്ഞു… രണ്ടാമത്തെ കുട്ടിയെ ഗര്‍ഭിണിയായിരുന്നപ്പോഴാണ്  അവര്ക്ക് അണുബാധ സ്ഥിരീകരിച്ചത്… പിന്നീടുണ്ടായ ഒറ്റപ്പെടലുകള്‍ ! ഡോക്ടര്‍മാര്‍  അടക്കം കാണിച്ച വിവേചനവും നീതിനിഷേധവും…  ഭര്‍ത്താവ്  മരിച്ചപ്പോള്‍  അടുത്ത ബന്ധുക്കള്‍ അടക്കം പിരിഞ്ഞു പോയപ്പോഴുണ്ടായ അരക്ഷിതാവസ്ഥ… ജനിച്ച കുഞ്ഞിനു HIV അണുബാധ ഉണ്ടോ ഇല്ലെയോ എന്നറിയാന്‍ ഒന്നര വര്‍ഷം  കഴിയണം… അത് വരെയുള്ള അവരുടെ കാത്തിരുപ്പ്… എല്ലാം സദസ്സ് ശ്വാസമടക്കി കേട്ടിരുന്നു… അവര്‍ അവസാനം പറഞ്ഞ ഒരു ദിവസത്തിന്റെ കഥ എന്റെ മനസ്സിന്റെ തിരശ്ശീലയില്‍  ഒരു ചലച്ചിത്രമെന്നോണം ഞാന്‍ കണ്ടു…
മകളുടെ ടെസ്റ്റ് റിസള്‍റ്റ്  വാങ്ങാന്‍  ഒരമ്മ വീട്ടില്‍ നിന്നും ആശുപത്രിയിലേക്ക് ഇറങ്ങുന്നു… അവരുടെ മുഖത്ത് എന്തോ ഒന്ന് നിശ്ചയിച്ചുറപ്പിച്ച ഭാവം… റിസള്‍റ്റ് പോസിറ്റീവ് ആണെന്ന് അവര്‍ക്കറിയാമായിരുന്നു… പിന്നീടുള്ളതെല്ലാം നിശ്ചയിക്കപ്പെട്ടതാണ്… ഒരമ്മയും രണ്ടു മക്കളും.. പാഞ്ഞണയുന്ന തീവണ്ടി… ഒരു നിമിഷത്തില്‍  എല്ലാം അവസാനിക്കുന്നു!
ആശുപത്രിയില്‍  എത്തുന്ന അമ്മയുടെ മുന്നിലേക്ക് റിസള്‍റ്റ് നീട്ടി ഡോക്ടര്‍ … ചില നിമിഷങ്ങള്‍ … നമ്മളല്ല ജീവിതത്തിന്റെ കഥ നിശ്ചയിക്കുന്നത് എന്ന് ബോധ്യമാക്കുന്ന ചില നിമിഷങ്ങലുണ്ടാകും, എനിക്കും നിനക്കും എല്ലാവര്ക്കും… അങ്ങനെ ഒരു നിമിഷമായിരിക്കണം അത്, ആ അമ്മക്ക്…
മകള്‍  HIV പോസിറ്റീവ് അല്ല എന്നറിഞ്ഞ നിമിഷമാണ് തനിക്കിനിയും ജീവിക്കാന്‍  ബാക്കിയുണ്ട് എന്ന് ആ അമ്മയെ ബോധ്യപ്പെടുത്തിയത്…
എല്ലാം കഴിഞ്ഞ് അഭിപ്രായം പറയാന് മുന്നോട്ടു വരാന്‍ താല്പ്പര്യമുല്ലവരുണ്ടോ എന്ന് ചോദിച്ചു അവര്‍  … ഞാന്‍ വല്ലാത്ത ഒരവസ്ഥയില്‍  ആയിരുന്നു… എന്റെ കൈയില്‍ ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ട്, അതൊന്നും ആരെക്കൊണ്ടും തീര്‍ക്കാന്‍ പറ്റില്ല എന്നൊരു ചിന്തയുണ്ടായിരുന്നു എനിക്ക്… ആ നിമിഷം ഞാന്‍ എന്റെ ഇപ്പറഞ്ഞ ഒരു പ്രശ്നമെങ്കിലും ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു… എന്റെ ചിന്തകള്‍ മുഴുവന്‍ മുന്നില്‍ കണ്ട രണ്ടു വഴികളില്‍ നിന്നും ജീവിതം തെരഞ്ഞെടുത്ത ഒരമ്മയുടെ കഥയില്‍ വന്നു നിന്നു …
ഞാന്‍ എഴുന്നേറ്റു മുന്നോട്ടു നടന്നു… mic വാങ്ങി എന്തോ പറഞ്ഞു… എനിക്കോര്‍മ്മയില്ല… അവസാനം പോരുവാന്‍ നേരം അവരുടെ കവിളില്‍ ഒരുമ്മ കൊടുത്തു… ഒരടുക്കളയുടെ ഇട്ടാവട്ടത് മാത്രം ജീവിച്ച് എന്നെ ജീവിക്കാന് പഠിപ്പിച്ച എന്റെ അമ്മയെ ഞാന്‍ ഓര്‍ത്തു…
ജീവിതം ആ ഒരുമ്മയോളം ലളിതമാണ്… നിന്നില്‍ അണകെട്ടി അടച്ചിരിക്കുന്ന സ്നേഹം പുറത്തേക്കു തുറന്നു വിടുക… അതാണ് ആ ക്യാമ്പ് എന്നെ പഠിപ്പിച്ച ഏറ്റവും വലിയ പാഠം…
ഈ ഒരു ഭാഗത്തില്‍ അല്പം സീരിയസ് ആയിപ്പോയതിനു അതിന്റേതായ കാരണങ്ങള്‍ ഉണ്ടെന്നു വായനക്കാരന് മനസ്സിലാക്കും എന്ന പ്രതീക്ഷയോടെ മുന്നോട്ടു പോവുന്നു…
***
നിയോഗങ്ങളെപ്പറ്റിയായിരുന്നല്ലോ പറഞ്ഞു വന്നത്…
നിയോഗിക്കപ്പെട്ടവരെപ്പറ്റി…
തേര്‍ഡ് ഇയറില്‍ കോളേജ് സെനറ്റ് ഭാരവാഹികളെ തെരഞ്ഞെടുക്കാന്‍ , ഓരോ ക്ലാസ്സിലെയും സ്ഥാനാര്‍ഥി  നിര്‍ണ്ണയം പുരോഗമിക്കുന്ന സമയം… ഓരോ പോസ്റ്റിനും ഓരോ ആളുകളെ ക്ലാസ്സില്‍  നിന്നും നിര്‍ത്താം  എന്നൊരു തീരുമാനം വന്നു. ഓരോരുത്തരെ ശുപാര്‍ശ ചെയ്യുകയും ക്ലാസ്സ് അത് അംഗീകരിക്കുകയും ചെയ്തു. മാഗസിന്‍  എഡിറ്റര്‍ എന്ന പോസ്റ്റിനു എന്റെ പേരാണ് നിര്‍ദ്ദേശിക്കപ്പെട്ടത്. എന്നിരുന്നാലും ക്ലാസ്സ് ലക്ഷ്യം വച്ചത് അതിലും വലിയ പോസ്റ്റുകളില്‍  (മാഗസിന്‍ എഡിറ്റര്‍ താരതമ്യേന പവര്‍ കുറവുള്ള ജോലിയാനെന്നാണ്  വയ്പ്പ്.. പോരാത്തതിന് ജോലിക്കൂടുതലും!) ഞങ്ങളുടെ സ്ഥാനാത്ഥിയെ ജയിപ്പിച്ചു സെനറ്റില്‍ എത്തിക്കാന്‍ ആയിരുന്നു…  അങ്ങനെ ഇരിക്കുമ്പോഴാണ് മഹാഭാരത യുദ്ധത്തില്‍ ഗീതോപദേശം നല്കാന്‍ കൃപ കാണിച്ച ആ കൃഷ്ണനെപ്പോലെ ക്ലാസ്സിന്റെ പ്രിയങ്കരനായ ഗോപികൃഷ്ണന്റെ രംഗപ്രവേശം… കൂടെ മനുവും… വന്നപാടെ ചുറ്റുപാട് ഒന്ന് പഠിച്ചു ഗോപികൃഷ്ണന്‍ ഗീതോപദേശം തുടങ്ങി!
“നമ്മള്‍ ഈ കോളേജില്‍ നിന്നും ഇറങ്ങുമ്പോള്‍ ” 2012 D Batch ” എന്നല്ല മറിച്ച് “2012 Batch” എന്നാണു അറിയപ്പെടുക… അപ്പോള്‍ നമ്മുടെ ബാച്ചിന്റെ സെനറ്റില്‍ ഏറ്റവും ബെസ്റ്റ് ആളുകള്‍ വേണം വരാന്‍ … അപ്പുറത്തെ ക്ലാസ്സുകളില്‍ നിന്നും കേട്ട സ്ഥാനാത്ഥികള്‍ പ്രഗത്ഭാന്മാരും കാര്യപ്രാപ്തിയുള്ളവരും ജഗജാലകില്ലാടിമാരും ആകുന്നു… അതിനാല്‍ ബാക്കിയുള്ള മാഗസിന്‍ എഡിറ്റര്‍ പോസ്റ്റിനു മാത്രമാകട്ടെ നമ്മുടെ കണ്ണ്…”
അവനതു പറഞ്ഞു കഴിഞ്ഞപ്പോ “ശ്രീകൃഷ്ണ” സീരിയലില് ഇടയ്ക്കിടെ കേല്‍ക്കുന്ന ശംഖിന്റെ ശബ്ദം കേട്ട പോലെ!
അവസാനം ഞാനാകുന്ന പവനായി തന്നെ ശവമായി! ഇപ്പോള്‍ എന്റെ ഷെല്‍ഫില്‍  ഇരിക്കുന്ന “2012 : ഒരു പാതിവെന്ത തിരക്കഥ“യുടെ കാരണക്കാരന്‍ ഒരു രീതിയില്‍ പറഞ്ഞാല്‍ , പില്ക്കാലത്ത് കര്‍മ്മം കൊണ്ടും സ്വന്തം പേര് അന്വര്ധമാക്കിയ ഗോപികൃഷ്ണന്‍ തന്നെ ആകുന്നു!
***
ഫോര്‍ത്ത് ഇയറിന്റെ തുടക്കത്തില്‍ ബോറടിപ്പിക്കുന്ന ഏതോ ഒരു ക്ലാസ്സില്‍ , ബുക്കിന്റെ പുറകിലത്തെ താളില്‍ എന്തോ ആകൃതികള്‍ വരച്ചുകൊണ്ടിരിക്കുമ്പോള്‍ ധീരജ് പറഞ്ഞു…
“ഡാ നാട്ടില് ഞങ്ങള്‍ മൂന്നു പേര്‍ ചേ ര്‍ന്ന് ഒരു കമ്പനി തുടങ്ങാന് പ്ലാന്‍ ഉണ്ട്…”
“എന്ത് കമ്പനി?”
“ഒരു Product Oriented Company . നാട്ടുകാര്‍ക്ക് useful ആയ കുറെ നല്ല നല്ല Products ഉണ്ടാക്കുന്ന ഒരു കമ്പനി”
“കൊള്ളാല്ലോ!”
“നിനക്ക് BTech കഴിഞ്ഞാല്‍ എന്താ പരിപാടി?”
“അത് ഒരഞ്ചാറു കൊല്ലം കഴിഞ്ഞല്ലേ? അപ്പൊ ആലോചിക്കാം…”
“അപ്പൊ നീയും കൂടുന്നോ?”
ജീവിതത്തെ നിര്‍ണ്ണയിക്കുന്ന ചില നിമിഷങ്ങള്‍ ഉണ്ട്! അങ്ങനെ ഒന്നായിരുന്നു അത്…
ഇന്ന്, അശ്രദ്ധമായി വാഹനങ്ങള്‍ തലങ്ങും വിലങ്ങും ഓടുന്ന കണ്ണൂരിന്റെ റോഡുകളിലൂടെ നടക്കുമ്പോള്‍ , മനസ്സില്‍ സ്വന്തമായി എന്തൊക്കെയോ ചെയ്യണം എന്ന ചിന്തയാണ്…Crenovates എന്ന സുന്ദരമായ സ്വപ്നത്തിനു നിറങ്ങള്‍ നല്‍കുകയാണ് ഞാനും കുറച്ചു സുഹൃത്തുക്കളും…
ജീവിതത്തില്‍ ഇനിയുമെന്തൊക്കെ ചെയ്യാനാകും എന്നെക്കൊണ്ട് എന്ന ജിഞ്ജാസ പിന്നെയും ബാക്കി!
********
പുരാണത്താളുകളില്‍   എവിടെയോ ഹനുമാന്‍ അല്പ്പം സംശയത്തോടെ കടലിനെ നോക്കി നിന്നു… ലങ്കയാണ് ലക്‌ഷ്യം! പക്ഷെ തനിക്കതിനു കഴിയുമോ? ഇരമ്പിയടുക്കുന്ന തിരമാലകളെ നോക്കി “ഇനിയെന്ത്” എന്നാലോചിച്ചു ഹനുമാന്‍ നില്ക്കുമ്പോള്‍ പുറകില്‍ നിന്നൊരു വിളി…
“ഹനുമാന്‍ …”
ഹനുമാന് തിരിഞ്ഞു നോക്കി…
അത് ജാമ്പവാനായിരുന്നു!
Advertisements

2 thoughts on “ദി ഹനുമാന്‍ സ്റ്റോറി | The Hanuman Story

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w