ലവന്‍ ലവന്‍ ലവന്‍

രണ്ടായിരത്തി പതിനോന്നാമാണ്ട് നവംബര്‍ പതിനൊന്നിനു എന്താണ് പ്രത്യേകത?
11 .11 .11  11 .11  .11  എന്ന മാന്ത്രിക സമയം ഒത്തുവരുന്ന അപൂര്‍വമായ ദിവസം.. ഈ അപൂര്‍വ്വത കൊട്ടിഘോഷിക്കാന്‍ facebook അടക്കമുള്ള social networking site-കള്‍ മത്സരിച്ചു. സമയത്തിന്റെ   ഒട്ടനേകം രൂപമാറ്റങ്ങളില്‍  കൌതുകകരമായ  ഒന്ന് എന്ന രീതിയില്‍ തള്ളിക്കളയേണ്ട ഒന്നായിരിക്കാം മേല്‍പ്പറഞ്ഞത്.  പക്ഷെ അങ്ങനെ നിങ്ങള്‍ തള്ളിക്കളയില്ല.നിങ്ങളുടെ സിരകളില്‍ തിളയ്ക്കുന്ന യുവരക്തവും, മസ്തിഷ്കത്തില്‍ നാലാള്‍ക്കുമുന്നില്‍ പറഞ്ഞു ആളാകാന്‍ തക്ക എന്തെങ്കിലും ചെയ്യണമെന്ന അഭിനിവേശവും ഉണ്ടെങ്കില്‍, അനുഭവം കൊണ്ട് പറയുകയാണ്‌ സുഹൃത്തേ, എന്തെങ്കിലും പുതിയത് സംഭവിക്കും… നിങ്ങള്‍ മുന്‍പൊരിക്കലും കാണാത്ത ഒന്ന്.. മുന്‍പ് ഒരിക്കലും അനുഭവിച്ചറിയാത്ത ഒന്ന്..
ഉച്ചക്ക്  02 : 46
പാതിചാരിയ ലേഖകന്റെ (ലവന്‍ #1) മുറിയുടെ വാതില്‍ ആജാനുബാഹുവായ ഒരാള്‍(ലവന്‍ #2) ശക്തിയായി തള്ളി തുറക്കുന്നു.ഒരു ചോദ്യം അയാള്‍ ലേഖകന്റെ മുന്നിലേക്കിടുന്നു.
രാത്രി 09 : 40
മുന്നില്‍ അപകടം… പുറകില്‍ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ പ്ലാട്ഫോം നീണ്ടുനിവര്‍ന്നു അകലെ ഒരിടത്ത് അന്ധകാരത്തെ പുല്‍കുന്നു..
രാത്രി 07 : 38
     കോട്ടയം ഇന്ത്യന്‍ കോഫി ഹൌസിന്റെ ഫാമിലി റൂമില്‍, വെള്ളം നിറച്ചു വച്ച മൂന്ന് ചില്ല് ഗ്ലാസ്സുകള്‍ക്കു മുന്നില്‍ ലവന്മാര്‍ ഇരുന്നു…
വൈകീട്ട് 05 : 57
     ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍-ന്റെ സബ് വേയിലൂടെ ലവന്മാര്‍  നടക്കുന്നു..
ലവന്‍ #1 : ടിക്കറ്റ്‌ എടുക്കണ്ടേ?
ലവന്‍ #2 : (ബാലിശമായ എന്തോ ഒന്ന് കേട്ട പോലെ.. )  ഹ ഹ ഹ..
ലവന്‍ #3 : നീ ജീവിതത്തില്‍ ഒരുപാട് പഠിക്കാന്‍ ഉണ്ട്…
രാത്രി 09 : 15
തിരുവല്ല റെയില്‍വേ സ്റ്റേഷന്‍. ലവന്മാര്‍ ജീവശ്വാസം ആവോളം വലിച്ചു കേറ്റി…
            പ്രിയപ്പെട്ട വായനക്കാരാ.. നിങ്ങള്‍ നെട്ടിച്ചുളിക്കുന്നത് ഞാനറിയുന്നു.. സമയത്തെ ഞാന്‍ ആരോഹണക്രമത്തില്‍ നിരത്തുന്നതിനു മുന്‍പ്  സംഭവകഥയിലെ പാത്രപരിചയം നടത്തുകയാണ് ഇവിടെ..
ലവന്‍ #1 : ലേഖകന്‍
ലവന്‍ #2 : ദാസന്‍ അഥവാ നിധിന്‍ദാസ്‌
ലവന്‍ #3 : ചാമി അഥവാ ബിപിന്‍
ഇത് ഓര്‍ത്തു വച്ചേക്കുക.. ഇനി താഴേക്കു ഈ പേരുകള്‍ മാറി മാറി ഉപയോഗിക്കപ്പെടും…
ഉച്ചക്ക്  02 : 46
     പാതിചാരിയ ലേഖകന്റെ (ലവന്‍ #1) മുറിയുടെ വാതില്‍ ആജാനുബാഹുവായ ഒരാള്‍(ലവന്‍ #2) ശക്തിയായി തള്ളി തുറക്കുന്നു.ഒരു ചോദ്യം അയാള്‍ ലേഖകന്റെ മുന്നിലേക്കിടുന്നു.
വൈകുന്നേരം 04 : 53
     കോട്ടയത്ത്‌ പോകാനുള്ള ആളുകളുടെ എണ്ണത്തില്‍ തീരുമാനമാകുന്നു… ഒരു സമയത്ത് 10  പേര്‍ ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ 3  പേര്‍ മാത്രം.. ‘Rockstar ‘ സിനിമയുടെ റിലീസിംഗ് ദിനം 11 /11 /11  ആയതു യാദൃചികമാവാം… മുത്തൂറ്റ് ഗ്രൂപ്പിന്റെ പുതിയ മള്‍ടിപ്ലുക്സ്  കോട്ടയത്ത് ഉദ്ഘാടനം 11 /11 /11-നു ആയതും യാദൃചികമാകാം.. പക്ഷെ 11 /11 /11-നു കോട്ടയത്ത്‌ ലവന്മാര്‍ എത്തണം എന്നത് വിധിയാണ്..
     അങ്ങനെ ലവന്മാര്‍ 11 /11 /11-നു കോട്ടയത്ത്‌ മുത്തൂറ്റ് ഗ്രൂപ്പിന്റെ പുതിയ മള്‍ടിപ്ലുക്സില്‍ ‘Rockstar ‘ കാണാന്‍ പോകും എന്ന് തീര്‍ച്ചയാക്കുന്നു..
വൈകീട്ട് 05 : 46
     റെയില്‍വേ സ്റ്റേഷന്‍-ന്റെ അടുത്തെത്തിയപ്പോള്‍ മുകളില്‍ ട്രെയിന്‍ വന്നിട്ടുണ്ട്. സ്റ്റേഷന്‍-ന്റെ മുന്നില്‍ വച്ച് കണ്ട ഒരാളോട് ഏത് ട്രെയിന്‍ ആണ് അത് എന്ന് ചോദിച്ചു..
‘ജമ്മു താവി എക്സ്പ്രസ്സ്‌’
ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍-ന്റെ സബ് വേയിലൂടെ ലവന്മാര്‍  നടക്കുന്നു..
ലവന്‍ #1 : ടിക്കറ്റ്‌ എടുക്കണ്ടേ?
ലവന്‍ #2 : (ബാലിശമായ എന്തോ ഒന്ന് കേട്ട പോലെ.. )  ഹ ഹ ഹ..
ലവന്‍ #3 : നീ ജീവിതത്തില്‍ ഒരുപാട് പഠിക്കാന്‍ ഉണ്ട്…
     മനസ്സില്‍ ഒരു ഭയം കടന്നു കൂടി.. ആദ്യമായാണ്‌ തീവണ്ടിയെ ഞാന്‍ കള്ളവണ്ടി ആക്കുന്നത്… പക്ഷെ പ്ലാട്ഫോമിലൂടെ നടക്കുമ്പോള്‍ ശേഷിക്കുന്ന രണ്ടു ലവന്മാരുടെയും ധൈര്യം ആ പേടിയെ അക്ഷരാര്‍ഥത്തില്‍ ഇല്ലായ്മ ചെയ്തു.. ഉള്ളില്‍ ഞാനും ഒരു ശരാശരി ഇന്ത്യക്കാരന്‍ ആയി.. നിര്‍വൃതി..!
     യാത്ര നിന്നുകൊണ്ടായിരുന്നെങ്കിലും തരക്കേടില്ലാത്ത ഒന്നായിരുന്നു.കൂടെയുണ്ടായിരുന്നവരുടെ ഗുണം കൊണ്ടാവണം ഞാന്‍ കയറിയിരിക്കുന്നത് കള്ളവണ്ടിയാണെന്ന കാര്യം ഞാന്‍ അപ്പാടെ മറന്നു. ഫൈന്‍ വരികയാണെങ്കില്‍ 350 ഇന്ത്യന്‍ റുപീ പോകുമെന്നും എന്റെ കൈയില്‍ 227  ഇന്ത്യന്‍ റുപീയേ ഉള്ളു എന്ന കാര്യവും ഞാന്‍ മറന്നു…
    വായനക്കാരാ.. താങ്കളുടെ ചിന്തയുടെ ഏതെങ്കിലും ഭാഗത്ത്‌ ഞങ്ങളെ TTR പൊക്കി എന്ന് നിങ്ങള്‍ക്ക് തോന്നിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി എന്നറിയിച്ചുകൊണ്ട്‌ കഥ മുന്നോട്ടു കൊണ്ടുപോകട്ടെ… അല്ലെങ്കില്‍ കഥ പോയ വഴിയെ ഞാന്‍ സഞ്ചരിക്കട്ടെ…
രാത്രി 07 : 13
     റെയില്‍വേ സ്റ്റേഷന്‍-ന്റെ അടുത്ത് നിന്നും ഒരു പ്രൈവറ്റ് ബസ്‌ കിട്ടുന്നു. അതില്‍ കയറി ലവന്മാര്‍ പഴയ സ്റ്റാന്‍ഡില്‍  എത്തുന്നു.. അവിടെ നിന്നും മൂന്ന് പേരോട് പുതിയ മള്‍ടിപ്ലക്സിലെക്കുള്ള വഴി ചോദിക്കുന്നു. അവരില്‍ രണ്ടു പേര്‍ ഏതാണ്ട് സമാനമായ വഴികള്‍ ലവന്മാരോട് പറയുന്നു. ലവന്മാര്‍ ആ വഴിയെ പോകുന്നു..
മള്‍ടിപ്ലക്സിലേക്കുള്ള വഴിയില്‍ ദാസന്‍ കഥയില്‍ ഒരു ട്വിസ്റ്റ്‌ ഇടുന്നു. പ്രസ്തുത മള്‍ടിപ്ലക്സിന്റെ ഉദ്ഘാടന സമ്മേളനം തുടങ്ങുന്നത് മാതൃഭൂമി പത്രത്തിന്റെ അടിസ്ഥാനത്തില്‍ പറയുകയാണെങ്കില്‍ 6 മണിക്കാണ്.. അതായത് എങ്ങനെ കണക്കുകൂട്ടിയാലും 7 .30 പോലും ആകാത്ത ഈ സാഹചര്യത്തില്‍ ഒരു മന്ത്രി അടക്കം മുഖ്യാതിഥി ആയിട്ടുള്ള ആ ചടങ്ങ് തീരാനുള്ള ഒരു സാധ്യതയും ഇല്ല. എങ്കിലും സംശയനിവാരണത്തിനായി ഞങ്ങള്‍ അത്രിടം വരെ പോവുക തന്നെ ചെയ്തു. ദീപാലങ്കൃതമായ ആ കെട്ടിടത്തിനുള്ളില്‍ നിന്നും “അര്‍റാറ നാക്കുമുക്ക് ” അകലെ നിന്ന് തന്നെ കേട്ടു. പ്രസ്തുത പാട്ട് Rockstar-ലെ അല്ല എന്ന വസ്തുത നിലനില്‍ക്കുന്നു എന്നതിനാല്‍ ഞങ്ങള്‍ പ്രതീക്ഷ 99% കൈവിട്ടു. അവിടുത്തെ വാച്ച്മാനോട് ചോദിച്ചപ്പോള്‍ ബാക്കി ഒരു ശതമാനവും ഖുദ ഹവ… ഇന്ന് ഷോ ഇല്ല എന്ന ദിഗംബരമായ സത്യം ഞങ്ങള്‍ അറിഞ്ഞു..
     ദാസാ.. ഈ 6 മണിയുടെ കാര്യം നീ ഒരു 2 മണിക്കൂര്‍ മുന്നേ പറഞ്ഞിരുന്നെങ്കില്‍.. വെറുക്കപ്പെട്ടവനേ! നികൃഷ്ടജീവി!
     ഇരുള്‍വീണ കോട്ടയത്തിന്റെ ഏതോ ഒരു ഇടവഴിയിലൂടെ ശശിക്കുട്ടന്മാരായി ഞങ്ങള്‍ ലക്ഷ്യബോധമില്ലാതെ നടന്നു..
     ഇനിയെന്ത് എന്ന ചോദ്യത്തിന് ‘എഴാം അറിവ് ‘, ‘വേലായുധം’, ‘ഇന്ത്യന്‍ റുപീ’ എന്നിങ്ങനെ അഭിപ്രായങ്ങള്‍ നിരന്നു. എങ്കിലും ഒരു പൊതുധാരണ ഉരുത്തിരിഞ്ഞു വന്നില്ല. അലസമായ ചിന്തകളുമായി ലവന്മാര്‍ നടന്നു. അപ്പോള്‍ അതാ വഴിയില്‍ ഒരു വലിയ പോസ്റ്റര്‍. അതില്‍ വെണ്ടയ്ക്ക അക്ഷരത്തില്‍ “The Adventures of Tintin” എന്ന് എഴുതിയിരിക്കുന്നു.
ഞൊടിയിടയില്‍ ഏഴാം അറിവും വേലായുധവും ഇന്ത്യന്‍ റുപീയും മറവിയുടെ നെടുംകയങ്ങളില്‍ മറയുന്നു. ഭക്ഷണത്തിന് ശേഷം സ്പില്‍ബെര്‍ഗിന്റെ ടിന്റിന്‍ കാണാം എന്ന് നിശ്ചയിക്കപ്പെട്ടു..
രാത്രി 07 : 38
     കോട്ടയം ഇന്ത്യന്‍ കോഫി ഹൌസിന്റെ ഫാമിലി റൂമില്‍, വെള്ളം നിറച്ചു വച്ച മൂന്ന് ചില്ല് ഗ്ലാസ്സുകള്‍ക്കു മുന്നില്‍ ലവന്മാര്‍ ഇരുന്നു…
     ഓര്‍ഡര്‍ എടുക്കാന്‍ വന്ന “കിരീടം വച്ച രാജാവിനോട്” ലവന്മാര്‍ ഓര്‍ഡര്‍ പറഞ്ഞു. ആകെ കഴിച്ചത് 154  രൂപയ്ക്കു.. 10 പൂരി, 2 പൊറോട്ട, 2 വെജിട്ടെബിള്‍ കറി, ഒരു മുട്ടക്കറി, ഒരു മസാല ദോശ, ഒരു ഡബിള്‍ ഓംലെറ്റ്‌, 3 നാരങ്ങവെള്ളം അങ്ങനെ തീരെ ആര്‍ഭാടമില്ലാത്ത ഒരു കഴിപ്പ്‌. അവിടുന്ന് ആനന്ദ് തീയേറ്ററിലേക്ക്..
രാത്രി 07 : 45
ആനന്ദ്‌ തീയേറ്ററിന്റെ മുന്നില്‍ Golden Circle Rs . 70 /- എന്ന് കണ്ടപ്പോള്‍ ചാമിയുടെ വക ഒരു കമന്റ് വന്നു.
“നമുക്ക് വല്ല ചെമ്പോ പിച്ചളയോ മതി.”
അങ്ങനെ ചെമ്പും പിച്ചളയും അന്വേഷിച്ചു പോയ ചാമിക്ക്‌ മുന്നില്‍ അതാ അടുത്ത ബോര്‍ഡ്‌..
Platinum Circle  Rs . 120 /-
വിലനിലവാരത്തില്‍ ത്രിപ്തനല്ലാതായ ചാമി നേരെ അവിടിരുന്ന തീയേറ്റര്‍ ഭാരവാഹിയോടു ചോദിച്ചു
“ഇത് 3D ആണോ?”
അല്ലെന്നു മറുപടി വന്നു.
     പൊതുവായി സമാന സന്ദര്‍ഭങ്ങളില്‍ പ്രയോഗിക്കപ്പെടാറുള്ള ഒരു വാക്കായിരുന്നു ചാമിയില്‍ നിന്നും ഞാന്‍ അപ്പോള്‍ പ്രതീക്ഷിച്ചത് (നിങ്ങള്‍ക്ക് മനസ്സിലായാ ? അല്പം അശ്ലീലം ഇണ്ട്ട്ടാ…). എന്നിരുന്നാലും ചാമി തനിക്കൊരുപാടുള്ള പ്രായത്തിന്റെ പക്വത കാണിച്ചു എന്ന് വേണം അനുമാനിക്കാന്‍.. അവന്‍ പറഞ്ഞു..
“ദാസാ അടുത്ത ട്രെയിന്‍ എത്ര മണിക്കാന്നാ പറഞ്ഞെ? “
അടുത്ത ട്രെയിന്‍ എന്നത് ദാസന്‍ പറഞ്ഞത് പ്രകാരം 8 .15 -നു  ആകുന്നു.
രാത്രി 08 : 09
കോട്ടയം റെയില്‍വേ സ്റ്റേഷന്‍ ടിക്കറ്റ്‌ കൌണ്ടറില്‍ നിന്നൊരു സംഭാഷണ ശകലം.
കൌണ്ടറില്‍ ഇരിക്കുന്നയാള്‍ : മോനെ.. ലോക്കല്‍ പോയോ എന്നാരോടെങ്കിലും ചോദിക്ക്..
ദാസന്‍ : വേണ്ട ചേട്ടാ.. അത് 8 : 15 ന് ആണ്.. ഞാന്‍ നോക്കിയതാ.. എനിക്കുറപ്പാ.. 3 ടിക്കറ്റ്‌ ..
 രാത്രി 08 : 15
     ഫ്ലൈ ഓവറിന്റെ താഴെയുള്ള സിമന്റ്‌ ഇട്ട തറയില്‍ അയാളിരുന്നു. ആ ഇരുപ്പില്‍ മുന്നിലൂടെ കടന്നു പോയ ട്രെയിനുകളുടെ കണക്ക് അയാളുടെ മനസ്സിലുണ്ടായിരുന്നിരിക്കണം. അതാണല്ലോ ആ സമയത്ത് അയാള്‍ക്ക്‌ മുന്നിലേക്ക്‌ വന്ന 3 കുട്ടികളോട് അയാള്‍ ലോക്കല്‍ 5 മിനിറ്റ് മുന്നേ പോയി എന്ന് അവരുടെ ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞത് കൊടുത്തത്.. അയാള്‍ ആരായിരിക്കാം? അയാള്‍ക്ക്‌ എവിടെക്കാണ്‌ പോകേണ്ടത്? ഇത്യാദി ചോദ്യങ്ങള്‍ ഒന്നും കഥയില്‍ പ്രസക്തമല്ല. കാരണം അയാള്‍ വെറുമൊരു അപരിചിതന്‍ മാത്രമാണ് കഥയില്‍.
     ഇനി മുകളില്‍ പരാമര്‍ശിച്ച ‘3 കുട്ടികള്‍ ‘ നമ്മുടെ 3 ലവന്മാര്‍ ആണെന്ന് മനസ്സിലാക്കാന്‍ നിങ്ങള്ക്ക് ‘ഏഴാം അറിവിന്റെ’ ആവശ്യമില്ല എന്ന് വിശ്വസിക്കുന്നു..
ലോക്കല്‍ പോയി. അതും 5 മിനുട്ട് മുന്‍പ്.. Clock Synchronization -ന്റെ നെടുനീളന്‍ essay-കള്‍ രാവിലത്തെ Distributed  Computing പരീക്ഷക്ക്‌ എഴുതിത്തളര്‍ന്ന ലേഖകന്റെയും ചാമിയുടെയും വാച്ചുകള്‍ അമ്പരപ്പിക്കും വിധം Synchronized. സമയം രണ്ടിലും 8 :15 തന്നെ. വാച്ചില്‍ നിന്നുയര്‍ന്ന നാല് കണ്ണുകളും ദാസന്റെ തൊലിഞ്ഞ മോന്തയിലേക്ക് തിരിഞ്ഞു. അതില്‍ ‘ഇത് നമുക്ക് ഒരു തമാശയായി മാത്രം എടുക്കാം’ എന്നെഴുതിവച്ച ഒരു ചിരി(‘തൊലി’ എന്ന് നാടന്‍ ഭാഷയില്‍ പറയാവുന്ന ഒന്ന് ).
     ഇനി ഇവിടെ ലേഖകന്‍ ഒരു സത്യം വെളിപ്പെടുത്തട്ടെ.. ദാസന്‍ എന്ന വ്യക്തിക്ക് ഒരു 40 കിലോ തൂക്കം കുറവും 2 അടി പൊക്കം കുറവും ഉണ്ടായിരുന്നങ്കില്‍ അമ്മച്ചിയാണേ ഞാന്‍ അവനെ തല്ലിയേനെ!
     അടുത്ത ചായക്കടയില്‍ നിന്നും മനസ്സിലാക്കിയ അടുത്ത ട്രെയിനിന്റെ വിവരം വച്ച് ലവന്മാര്‍ കോട്ടയം റെയില്‍വേ സ്റ്റേഷന്‍ പ്ലട്ഫോമില്‍ കുത്തിയിരുന്നു. ട്രെയിന്‍ 8 : 30 -ന്. പേര് ‘ഷാലിമാര്‍ സൂപ്പര്‍ ഫാസ്റ്റ്’.
ഷാലിമാര്‍ ! സ്നേഹത്തിന്റെ ആലയം എന്നര്‍ഥം.. സ്നേഹവീട്..!
രാത്രി 08 : 46
     ഷാലിമാര്‍ സൂപ്പര്‍ ഫാസ്റ്റ് രാത്രിയുടെ തണുപ്പ് കലര്‍ന്ന ഇരുട്ടില്‍ കോട്ടയത്ത്‌ നിന്നും ചെങ്ങന്നുരിലേക്ക് കുതിക്കുന്നു. ലവനമാരെ നിങ്ങള്‍ കാണുന്നുണ്ടോ? അതാ അവിടെ.. ഉത്തരേന്ത്യക്കാര്‍ ചവച്ചുതുപ്പിയ ബീടയുടെ ചുവന്ന അംശങ്ങള്‍ക്കിടയില്‍, അവര്‍ കൂട്ടമായി നിന്ന് വലിച്ചു തള്ളുന്ന ബീഡിയുടെ പുകച്ചുരുളുകള്‍ക്കിടയില്‍, ഭേല്‍പുരിയുടെയും മറ്റു ആഹാരസാധങ്ങളുടെയും അവശിഷ്ടങ്ങള്‍ക്കിടയില്‍,    പൂന്തോട്ടത്തിന്റെ നാടായ ഷാലിമാറിന്റെ നാമം ‘അന്വര്‍ധമാക്കും’ വിധമുള്ള ജനറല്‍ കമ്പാര്‍ട്ട്മെന്റിന്റെ മൂത്രപ്പുരയില്‍ നിന്നും ഉയരുന്ന ഗന്ധത്തിന്റെ ഇടയില്‍, നിങ്ങള്‍ ലവന്മാരെ കാണുന്നുണ്ടോ? കാണുന്നില്ലെങ്കില്‍ ചുറ്റും അവരെ വളഞ്ഞു നില്‍ക്കുന്ന ഭയ്യമാര്‍ കാരണമാകും.. സാരമില്ല. അവര്‍ അവിടെ അടിച്ചു പൊളിക്കട്ടെ..
ഒട്ടും അതിശയോക്തി കലര്‍ത്താതെ പറയട്ടെ.. ട്രെയിനില്‍ നിന്നും പുറത്തേക്കു ചാടിയാലോ എന്ന് ഒന്നില്‍ കൂടുതല്‍ തവണ ആലോചിച്ചു! ലവന്മാരെ നിങ്ങള്‍ കുറ്റം പറയരുത്.. കാരണം കോട്ടയം കഴിഞ്ഞാല്‍ പിന്നെ ‘സ്നേഹവീടിനു’ സ്റ്റോപ്പ്‌  തിരുവല്ലായിലേ ഉള്ളു എന്നതാണ് അടുത്ത സത്യം..
രാത്രി 09 : 15
     തിരുവല്ല റെയില്‍വേ സ്റ്റേഷന്‍. ലവന്മാര്‍ ജീവശ്വാസം ആവോളം വലിച്ചു കേറ്റി… പിന്നീട് ട്രെയിനിനു അകത്തേക്ക് കയറി അടുത്ത ജീവശ്വാസത്തിനായി കാത്തിരുന്നു.
ദുരന്തത്തെ എങ്ങനെ ബുദ്ധിപരമായി നേരിടാം എന്നാലോചിച്ചപ്പോഴാണ് സംസാരിച്ചു ദുഃഖം മറക്കാം എന്ന ആശയം മുന്നോട്ടു വന്നത്.. യാത്രയുടെ ഒരു ചെറിയ അവലോകനം. സ്വാഭാവികമായി ടിക്കറ്റ്‌ ഇല്ലായ്മയുടെ കാര്യം മുന്നോട്ടു വന്നു. ദാസന്‍ തന്റെ അനുഭവജ്ഞാനം വിളമ്പി.
“വടകരയിലും കോഴിക്കോട്ടും മാത്രേ ഞാന്‍ സ്റ്റേഷനില്‍ ടിക്കറ്റ്‌ ചെക്കിംഗ് കണ്ടിട്ടുള്ളു.”
അനുഭവജ്ഞാനം പൊതുവേ കുറവായ ലേഖകന്‍ സോക്രട്ടീസ് ദാസനെ കേട്ടിരുന്നു ചെങ്ങന്നൂര്‍ വരെ..
രാത്രി 09 : 34
     സ്നേഹവീട് ചെങ്ങന്നൂരില്‍ എത്തുന്നു. പ്ലാട്ഫോമിന്റെ ഒരറ്റത്ത് നിന്നും സബ് വേയുടെ തുടക്കത്തിലേക്ക്  നടക്കുന്നതിന്റെ ഇടയില്‍ ലവന്മാരുടെ സംഭാഷണത്തിനിടയില്‍ ആഹാരത്തിനു വേണ്ടി മാത്രം നടത്തിയ ചെലവു വളരെ വളരെ കുറഞ്ഞ വീരസാഹസിക യാത്രയുടെ കഥ മാത്രമായിരുന്നു.. അടിപൊളി യാത്ര.. അടിപൊളി അനുഭവം..
പണിതീരാത്ത ഓവര്‍ ബ്രിഡ്ജിന്റെ താഴെ ഇരിക്കുന്ന ഒരാളോട് മറ്റൊരാള്‍ ചോദിക്കുന്നത് കേട്ടു.
“ഇതിലൂടെ പോയാല്‍ അപ്പുറത്തെത്തുമോ? “
ചാമി :  (പതിഞ്ഞ സ്വരത്തില്‍ ഞങ്ങളോട്  ) ചേട്ടന്‍ Mountain  Dew -ന്റെ പരസ്യം കണ്ടിട്ടാണെന്ന് തോന്നുന്നു.. ഡര്‍ കെ ആഗെ ജീത് ഹൈ..!
     ഇത് എത്ര മാത്രം തമാശ നിങ്ങളില്‍ ഉളവാക്കി എന്നറിയില്ല. എന്നാല്‍ ഞങ്ങള്‍ നന്നായി ചിരിച്ചു.. പ്രത്യേകിച്ച് ആ ബ്രിഡ്ജ് പകുതി വരെയേ ഉള്ളു എന്ന് കണ്ടപ്പോള്‍..
മുകളില്‍ എല്ലാം കണ്ടു കൊണ്ട് അമ്പിളിയമ്മാവാന്‍  ചിരിക്കുന്നത് ലേഖകന്‍ കണ്ടു..
     നടന്നു നടന്നു സബ് വേയുടെ തുടക്കത്തിലുള്ള പടികള്‍ക്കു അടുത്തെത്തിയപോള്‍ ലേഖകന്‍ അറിഞ്ഞു. തന്റെ ഇരുവശങ്ങളിലും ഉണ്ടായിരുന്ന രണ്ട് ലവന്മാര്‍ അപ്രത്യക്ഷരായിരിക്കുന്നു.. ലേഖകന്‍ തിരിഞ്ഞു നോക്കുമ്പോള്‍ അവര്‍ രണ്ട് പേര്‍ക്കും ഒരുപോലെ ഫോണ്‍ കോളുകള്‍ വന്നിരിക്കുന്നു.. ഇതന്തു മറിമായം?
ചാമി കണ്ണ് കൊണ്ട് തിരിച്ചു നടക്കാന്‍ ആവശ്യപ്പെട്ടു.. എന്നിട്ട് ഇടിവെട്ട് പോലെ രണ്ട് വാക്കുകള്‍ പറഞ്ഞു..
“ടിക്കറ്റ്‌ ചെക്കിംഗ് “
     ഞാന്‍ തിരിഞ്ഞു നോക്കി.. അവിടെ, സബ് വേയിലേക്ക് ഇറങ്ങുന്നതിനു മുന്‍പ് ഒരു വയറുന്തിയ മാന്യന്‍ യാത്രക്കാരുടെ ടിക്കറ്റ്‌ പരിശോധിക്കുന്നു.. കൂടെ ഒരു പോലീസുകാരനും..
ലേഖകന്‍ മുകളിലേക്ക് നോക്കി..
അമ്പിളിയമ്മവാ… അതൊരുമാതിരി മറ്റേടത്തെ ചിരി ആയിരുന്നല്ലേ?
ഓവര്‍ ബ്രിഡ്ജിന്റെ താഴെ ഇരിക്കുന്ന ആളോട്  ചോദിക്കണമെന്നുണ്ടായിരുന്നു..
“ഇതിലൂടെ പോയാല്‍ അപ്പുറത്തെത്തുമോ? “
രാത്രി 09 : 40
     മുന്നില്‍ അപകടം… പുറകില്‍ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ പ്ലാട്ഫോം നീണ്ടുനിവര്‍ന്നു അകലെ ഒരിടത്ത് അന്ധകാരത്തെ പുല്‍കുന്നു.. അപ്പുറത്തെ പ്ലാട്ഫോമില്‍ രണ്ട് പോലീസുകാര്‍ ആരെയോ തിരഞ്ഞു നടക്കുമ്പോലെ പരക്കം പായുന്നത് ലവന്മാര്‍ കണ്ടു.. അതെ… ഇത് അവര്‍ക്ക് വേണ്ടി തന്നെ.. സംസയാസ്പദമായ സാഹചര്യത്തില്‍ തിരികെ നടന്നവര്‍ക്ക് വേണ്ടി… ലവന്മാര്‍ക്കു വേണ്ടി..
ലവന്മാര്‍ 3 ചായ വാങ്ങി കുടിച്ചുകൊണ്ട് ആലോചിച്ചു.. എന്ത് ചെയ്യണം?
ലേഖകനെ പറ്റി മുന്‍പേ സൂചിപ്പിച്ചിരുന്നല്ലോ? അനുഭവജ്ഞാനം കുറവാണ്. ലേഖകന്‍ ചോദിച്ചു.
“നമ്മുടെ കൈയില്‍ ടിക്കറ്റ്‌ ഇല്ലേ?”
സോക്രട്ടീസ് : അത് ലോക്കല്‍ അല്ലെ? അതെപ്പോ പോയതാ? മാത്രല്ല ഈ പ്ലാട്ഫോമില്‍ ആണോ അത് നിര്‍ത്തിയത് എന്നറിയില്ല. എങ്ങനേലും അവര്‍ നമ്മളെ ചോദ്യം ചോദിച്ചു കുടുക്കും..
     ലേഖകന്‍ പിന്നെ ഒന്നും ചോദിച്ചില്ല.. ലേഖകന്റെ മനസ്സ് മുഴുവന്‍, ഒരിക്കല്‍ ഒരു കോളേജ് ഇവന്റ് അറിയിക്കാന്‍ മാത്രം കയറിയിട്ടുള്ള പോലീസ് സ്റ്റേഷന്‍ ആയിരുന്നു. അന്നും ദാസന്‍ കൂടെ ഉണ്ടായിരുന്നു എന്ന് ലേഖകന്‍ ഓര്‍ത്തു.
 രാത്രി 09 : 47
     അപ്പുറത്തെ പ്ലാട്ഫോമില്‍ പോലീസുകാര്‍ ഇല്ലെന്ന് ഉറപ്പു വരുത്തി ഒരൊറ്റ ഓട്ടത്തിന് അവര്‍ റെയില്‍ മുറിച്ചു കടന്നു.. (Statutory Warning: These stunts are performed by experts. Please dont try these yourself !)
എന്നിട്ട് ഇത് വരെ ലേഖകന്‍ കണ്ടിട്ടില്ലാത്ത ഏതോ ഒരു ഊടുവഴിയിലൂടെ ലവന്മാര്‍ റെയില്‍വേ സ്റ്റേഷന്‍ ബൈക്ക് പാര്‍ക്കിംഗ് ഏരിയയില്‍ എത്തി.. ആ വഴിയുടെ വലതു ഭാഗത്തായി ഒരു ഭീമന്‍ ട്രാന്‍സ്ഫോര്‍മര്‍ ഉണ്ടായിരുന്നു.. അതില്‍ ‘DANGER’ എന്നെഴുതിവച്ചിരുന്നു.. ലവന്മാര്‍ക്കു വേണ്ടിയെന്നപോലെ…
രാത്രി 09 : 56
     മനസ്സില്‍ ത്രില്ലര്‍ ഇംഗ്ലീഷ് സിനിമകളുടെ ക്ലൈമാക്സില്‍ വലിയോരപകടത്തില്‍ നിന്നും രക്ഷപെട്ട നായാകന്റെ അനുഭൂതി ആയിരുന്നു. പറഞ്ഞറിയിക്കാനാകാത്ത ഒരു അനുഭൂതി..
ലവന്മാര്‍ക്കു മുന്നില്‍ ഒരു കൂട്ടം ഉത്തരേന്ത്യക്കാര്‍ നടന്നു പോകുന്നുണ്ടായിരുന്നു.. ആ ട്രെയിനില്‍ യാത്ര ചെയ്തവര്‍..
വ്യക്തമായി പറഞ്ഞാല്‍.. ആ ട്രെയിനില്‍ ടിക്കറ്റ്‌ എടുത്തു യാത്ര ചെയ്തവര്‍!
ഒരു നന്ദി പ്രകാശനം കൂടി ബാക്കിയാകുന്നു..
ഉച്ചക്ക്  02 : 46
       പാതിചാരിയ ലേഖകന്റെ മുറിയുടെ വാതില്‍ ആജാനുബാഹുവായ ഒരാള്‍ ശക്തിയായി തള്ളി തുറക്കുന്നു.ഒരു ചോദ്യം അയാള്‍ ലേഖകന്റെ മുന്നിലേക്കിടുന്നു.
“അപ്പൊ കോട്ടയത്ത്‌ പോവ്വല്ലേ? “
രാത്രി 09 : 58 

“പട്ടി!”
Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w