സമാന്തരം

സമയം പുറകിലേക്ക് സഞ്ചരിക്കുകയാണ്… നിരഞ്ജൻ സഞ്ചരിക്കുന്ന തീവണ്ടിയും സമയത്തിന്റെ വേഗത്തിൽ പുറകിലേക്കോടുന്നു. സേതു ഈ സമയം തന്റെ കാറിൽ വീട്ടിൽ നിന്നും റെയിൽവേ സ്റ്റേഷനിലേക്ക് സഞ്ചരിക്കുകയാണ്. സമാനമായ വേഗത്തിൽ, തീവണ്ടിയിലിരിക്കുന്ന മേഘയുടെ കാഴ്ച്ചകൾ മുന്നിലേക്ക് സഞ്ചരിക്കുന്നു. അവളുടെ കാഴ്ച്ചകളിൽ പാലത്തിനടിയിലൂടെ പുഴ പുറകിലേക്കൊഴുകി.
സമയം പിന്നെയും ആരോഹണക്രമത്തിൽ സഞ്ചരിച്ചുതുടങ്ങുമ്പോൾ നിരഞ്ജൻ റെയിൽവേ സ്റ്റേഷനിൽ ഒറ്റക്കിരിക്കുകയാണ്.സേതുവും മേഘയും അപ്പോൾ കാറിലാണ്.യഥാക്രമം സഞ്ചരിച്ചുതുടങ്ങിയ സമയത്തിനൊപ്പം വിശ്രമിക്കുകയായിരുന്ന നിരഞ്ജന്റെ മനസ്സിൽ പക്ഷെ സമയം പിന്നെയും പുറകിലേക്ക് സഞ്ചരിച്ചുകൊണ്ടേയിരുന്നു…
മേഘ അപ്പോൾ കരയുകയായിരുന്നു. അവൾക്കെന്നും കരയാൻ നൂറ് കാരണങ്ങൾ കാണുമായിരുന്നു. ഓഫീസിലെ കമ്പ്യൂട്ടറിനു മുന്നിലിരുന്ന് മേഘ അന്ന് കരഞ്ഞത് എന്തിനായിരുന്നെന്ന് നിരഞ്ജൻ ഇപ്പോൾ മറന്നിരിക്കുന്നു.പിന്നീടൊരിക്കൽ അവൾ അയാളോട് അന്ന് കരഞ്ഞതിന്റെ കാരണം പറഞ്ഞിരുന്നു എങ്കിൽക്കൂടി…
“നിന്റെ ഓർമ്മശക്തി അപാരമാണളിയാ…!”
 സേതു ഒരിക്കൽ നിരഞ്ജനോട് പറഞ്ഞു.
ഓഫീസിലെ പകുതിയോളംപേരുടെ ഫോൺ നമ്പറുകൾ ഓർമ്മയിൽ നിന്നുമെടുത്ത് നിരഞ്ജൻ അന്ന്  പറഞ്ഞുകൊടുക്കുകയായിരുന്നു അപ്പോൾ. ഓഫീസിലെ മറ്റെല്ലാവരും നിരഞ്ജന്റെ ചുറ്റുമുണ്ടായിരുന്നു. അക്കാലത്ത് മേഘയും നിരഞ്ജനും നല്ല സുഹൃത്തുക്കളായി കഴിഞ്ഞിരുന്നു.എന്നിട്ടും മേഘ ആ സൗഹൃദസംഭാഷണത്തിലേക്ക് കടന്നുവരാതിരുന്നത് എന്തുകൊണ്ടാനെന്ന് സേതു ആശ്ചര്യപ്പെട്ടിരുന്നു.   മേഘ പക്ഷേ അതിന്റെ കാരണം നിരഞ്ജനോട് പിന്നീട് പറഞ്ഞിരുന്നു.  അവൾ പറഞ്ഞ കാരണം ഓഫീസിലെ ഒരു പെൺകുട്ടിയെ ചുറ്റിപ്പറ്റിയുള്ളതായിരുന്നു. ആ പെൺകുട്ടി നിരഞ്ജനുമായി ഒരുപാട് സംസാരിക്കുമായിരുന്നു.അന്ന് ആ സൗഹൃദസദസ്സിലും ആ പെൺകുട്ടി നിരഞ്ജനുമായി കൂടുതൽ സംസാരിച്ചത് മേഘക്ക് അത്ര രസിച്ചില്ല.
നിരഞ്ജന്റെ മനസ്സിൽ ആ കാരണത്തിനുള്ളിലെ യുക്തി മാത്രം തെളിഞ്ഞുവന്നില്ല.ആ യുക്തി അന്വേഷിച്ച് അവൻ തന്റെ തന്നെ മനസ്സിലേക്ക് കുറേയേറെ യാത്രകൾ നടത്തി.ആ യാത്രകളിലൊന്നിൽ അവനെവിടെയോ മേഘയെ കണ്ടു.
“നീ ആരാണ്‌ എനിക്ക്, മേഘ..?”
“അറിയില്ല…”
“നമുക്കിടയിലെന്താണ്‌..?”
“അറിയില്ല…”
“സൗഹൃദം..?”
“ആയിരിക്കാം…”
“പ്രണയം..?”
“ആയിരിക്കാം…”
“എനിക്ക് മനസ്സിലാകുന്നില്ല, മേഘ…”
“സ്നേഹം… സ്നേഹമാണ്‌ നിരഞ്ജൻ… ഒരു ബ്രാൻ‍ഡ് നെയിമിലും തളച്ചിപ്പെടാത്ത സ്നഹം..”
അവൾ ചിരിച്ചു. അവനും ചിരിച്ചു.അനന്തരം അവളുടെ കൈ പിടിച്ച് അവൻ നടന്നു.നടന്ന് നടന്ന് അവർ ഒരു മരുഭൂമിയിലെത്തി.മരുപ്പച്ചകളകന്ന ആ മണലാരണ്യത്തിലെവിടെയോവച്ച് നിരഞ്ജൻ മേഘയുടെ കൈയ്യിൽനിന്നും തന്റെ കൈ വേർപെടുത്തി. അവൻ അവളോടായി പറഞ്ഞു.
“ഞാൻ പോവുകയാണ്‌…”
“എന്തുപറ്റി..?”
“എനിക്ക് തിരക്കുകളുണ്ട്, മേഘ…”
മേഘ മൗനം പാലിച്ചു. അവളുടെ മൗനത്തിന്റെ അർഥം നിരഞ്ജന്‌ അവ്യക്തമായിരുന്നു. അവൻ തീരെ സമയം കളയാതെ, അവളോട് യാത്ര പറഞ്ഞ്, മണലാരണ്യത്തിന്റെ അനന്തതയിൽ മറഞ്ഞു… പുറകിൽ തനിയേ നിൽക്കുകയായിരുന്ന മേഘയുടെ കണ്ണുകളിൽ കണ്ണുനീരുണ്ടായിരുന്നോ എന്ന് നിരഞ്ജൻ അന്വേഷിച്ചില്ല…
റെയിൽ‍വേ സ്റ്റേഷനിലെ കോളാമ്പിക്കുള്ളിൽ നിന്നും  തീവണ്ടിയുടെ വിവരങ്ങൾ വന്നുകൊണ്ടിരുന്നു. നിരഞ്ജൻ അപ്പോഴും ആ ബഞ്ചിൽ   വിശ്രമിക്കുകയായിരുന്നു.
“അടിസ്ഥാനപരമായി നമ്മളെല്ലാം ഒറ്റയ്ക്കാണ്‌…”
ഒരു മദ്യപാനസംഭാഷണത്തിനിടയിൽ സേതു പറഞ്ഞുതുടങ്ങി. “…എനിക്ക് നീയോ നിനക്കു ഞാനോ തുണയാകുന്നില്ല, നിരഞ്ജൻ… ഏതോ ഒരു വിധിയിൽ, സമയത്തിന്റെ ഈയൊരു ഭാഗത്ത്, നമ്മൾ ഒരുമിച്ച് സഞ്ചരിക്കുന്നു… അത്രതന്നെ…”
ദിവസങ്ങളിൽ നിരഞ്ജനും മേഘയും സേതുവും പുനർജ്ജനിച്ചുകൊണ്ടിരുന്നു. നഗരത്തിന്റെ തിരക്കിനിടയിൽ അവർപോലും ഇതറിഞ്ഞിരുന്നില്ല. മേഘയുടെ മനസ്സ് നഗരത്തോട് ചേരുകയും നിരഞ്ജന്റേത് നഗരത്തോട് മുഖംതിരിക്കുകയും ചെയ്തു. സേതു ഒരു ഉഭയജീവിയെന്നോണം കരയിലും വെള്ളത്തിലുമായി ജീവിച്ചുപോന്നു..
മരുഭൂമിയിൽ ഒരു രാത്രി മേഘ തനിയേ നടക്കുകയായിരുന്നു. സഞ്ചരിക്കുന്ന ദിക്കിനെക്കുറിച്ച് ബോധ്യമില്ലാഞ്ഞിട്ടും അവൾ നടത്തം നിർത്തിയിരുന്നില്ല. ഇരുട്ട് കാഴ്ച്ചയെയെന്നപോലെ ചേതനയേയും കാർന്നുതിന്നുന്നതായി മേഘക്ക് തോന്നി. അകലെമാറി പൊട്ടുപോലെ ഒരു റാന്തൽ‍വെളിച്ചം അവൾ കണ്ടു. പതുക്കെപ്പതുക്കെ ആ വെളിച്ചം അവളോട് അടുത്തുകൊണ്ടിരുന്നു. വെളിച്ചം തൊട്ടടുത്തെത്തിയപ്പോൾ അവൾ ആഗതന്റെ മുഖം ശ്രദ്ധിച്ചു. റാന്തലിന്റെ മഞ്ഞവെളിച്ചത്തിൽ സേതുവിന്റെ മുഖം തെളിഞ്ഞുവന്നു…
മേഘ സംസാരിച്ചുതുടങ്ങി.
“നിന്റെ തിരക്കുകൾ കഴിഞ്ഞോ, നിരഞ്ജൻ..?”
“ഉവ്വ്.”
“ഇന്ന് ഓഫീസിൽ ഞങ്ങളെല്ലാം സംസാരിച്ചിരിക്കുന്നത് നീ കണ്ടില്ലേ..?”
“കണ്ടു.”
“എന്നിട്ടും എന്തേ നീ അങ്ങോട്ട് വന്നില്ല..?”
“വരാൻ തോന്നിയില്ല..”
“കാരണം..?”
“അറിയില്ല.”
“അറിയാത്തതോ പറയാത്തതോ, നിരഞ്ജൻ..?”
അവൻ മറുപടി മൗനത്തിൽ ഒതുക്കി. മേഘ തുടർന്നു…
“സേതുവല്ലേ കാരണം..?”
“ആയിരിക്കാം…”
അവർക്കിടയിൽ തെല്ലിടനേരം നിശ്വാസത്തിന്റെ നേർത്ത ഒരു ശബ്ദം മാത്രം തളംകെട്ടി നിന്നു. മേഘ ചിരിച്ചില്ല. നിരഞ്ജനും ചിരിച്ചില്ല. കാഴ്ച്ചകൾ തമ്മിൽ കൂട്ടിമുട്ടിക്കാൻ അവർ നന്നേ പാടുപെടുന്നുണ്ടായിരുന്നു…
സേതുവും മേഘയും ഇതിനോടകം തന്നെ വളരെ അടുത്തിരുന്നു. നിരഞ്ജന്‌ പക്ഷേ അത് ഉൾക്കൊള്ളാൻ ബുദ്ധിമുട്ടായി തോന്നി. അവന്റെ ദിവസങ്ങളിൽ നഗരം കൂടുതൽ കൂടുതൽ ഭീകരമായി പരിണമിച്ചുകൊണ്ടിരുന്നു. നിരഞ്ജന്‌ കാരണങ്ങളും അതിന്റെ യുക്തികളുമെല്ലാം തന്നെ  ബോധ്യമായിത്തുടങ്ങിയിരുന്നു…
തീവണ്ടി പ്ലാറ്റ്ഫോമിൽ വന്നുനിന്നിട്ടും നിരഞ്ജൻ എന്തുകൊണ്ടോ തിരക്കുകൂട്ടിയില്ല. അവന്റെ പക്കൽ സമയം ഒരുപാടുള്ളതുകൊണ്ടാവാം.     രണ്ട് ദിവസത്തെ അവധി കഴിഞ്ഞാൽ പിന്നെയും ഈ നഗരത്തിലേക്ക് തീവണ്ടിയിറങ്ങണം എന്നുള്ളതുകൊണ്ടാവാം     നാട്ടിലേക്കുപോകുമ്പോഴും നിരഞ്ജനു അമിതമായ ആഹ്ലാദം ഒന്നുമില്ലായിരുന്നു. അവൻ പതുക്കെ ബഞ്ചിൽനിന്നും എഴുന്നേറ്റ് തീവണ്ടിക്കടുത്തേക്ക് നടന്നു. മേഘ അപ്പോൾ ടിക്കറ്റെടുത്ത് സേതുവിനോടൊപ്പം തീവണ്ടി നിർത്തിയിട്ടിരിക്കുന്ന പ്ലാറ്റ്ഫോമിലേക്ക് വേഗത്തിൽ നടക്കുകയായിരുന്നു…
ഭൂതകാലത്തിലെവിടെയോ ഇരുന്ന് സേതു പറഞ്ഞു തുടങ്ങി.
“ജനിക്കുന്നതുമുതൽ മരിക്കുന്നതുവരെ മനുഷ്യൻ യാത്രയിലാണ്‌… ദേശങ്ങൾ താണ്ടി ശരീരം സഞ്ചരിക്കുന്ന യാത്രകൾക്ക് എണ്ണമില്ല…   അതിലുമെത്രയോ യാത്രകളാണ്‌ മനസ്സ് സഞ്ചരിക്കുന്നത്…? ഒരേസമയം എത്രയെത്ര ദേശങ്ങളിൽ…? “
മേഘ നിരഞ്ജനോട് ചോദിച്ചു.
“ഇനിയുള്ള യാത്രകളിൽ നീ എന്നോടൊപ്പം ഉണ്ടാകില്ലെന്നാണോ..?”
“എനിക്കറിയില്ല മേഘ… ഒന്ന് ഞാൻ പറയാം… ഈ യാത്രയിൽ നിന്റെ കൂടെ ഞാൻ ഉണ്ടായാലും ഇല്ലെങ്കിലും, യാത്രയുടെ ഒരു ഘട്ടത്തിലും നീ ഒറ്റപ്പെടില്ല… ഇതെന്റെ വാക്കാണ്‌…”
മേഘ നിശ്ശബ്ദയായി. നിരഞ്ജൻ തുടർന്നു.
“മേഘ, ഇന്നലെവരെ ഞാൻ നിന്റെ സുഹൃത്തായിരുന്നു… ഇന്നും ഞാൻ നിന്റെ സുഹൃത്താണ്‌… നാളെയും ഞാൻ നിന്റെ സുഹൃത്ത് തന്നെ ആയിരിക്കും…”
ഒരു നിർത്തലിനു ശേഷം നിരഞ്ജൻ മേഘയോട് ചോദിച്ചു.
“ഞാൻ ആകെ മാറിപ്പോയല്ലേ മേഘ..?”
മേഘ മറുപടിയായി ഒന്നുംതന്നെ പറഞ്ഞില്ല. പക്ഷെ അവളുടെ മനസ്സിൽ ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾ ബാക്കിയായിരുന്നു..
മരുഭൂമിയുടെ അന്ത്യത്തിൽ മേഘ നിരഞ്ജനിൽനിന്നും അകലേക്ക് നടന്നുനീങ്ങി… നിരഞ്ജനും തിരിഞ്ഞുനടന്നു… പക്ഷെ അവരുടെ മനസ്സുകൾ പിന്നെയും സംവദിച്ചുകൊണ്ടിരുന്നു…
“ഞാൻ നിന്നെ അളവില്ലാതെ സ്നേഹിക്കുന്നു, നിരഞ്ജൻ…”
“ഞാൻ നിന്നെ അതിലേറെ സ്നേഹിക്കുന്നു, മേഘ…”
മേഘയെ തീവണ്ടിയിൽ കയറ്റിയിരുത്തി സേതു കാറിനടുത്തേക്കു നീങ്ങി. നിരഞ്ജൻ ഈ സമയം കമ്പാർട്ട്മെന്റിനുള്ളിൽ ബാഗുകൾ ഒതുക്കിവയ്ക്കുകയായിരുന്നു. സേതു കാറിനടുത്തെത്തുമ്പോഴെക്കും തീവണ്ടി നീങ്ങിത്തുടങ്ങിരുന്നു.
നിരഞ്ജൻ തന്റെ കൂടെ യാത്രചെയ്യുന്നവരെ ശ്രദ്ധിച്ചു. ഒരേ ദിശയിൽ ഒരേ സമയം ഒരേ വേഗതയിൽ സഞ്ചരിക്കുന്നവർ… അവരിൽ ആരെങ്കിലും ഒരാളെങ്കിലും ഈ യാത്രയിൽ അവന്‌ തുണയാകുമെന്ന് തീർച്ചയായും നിരഞ്ജൻ പ്രതീക്ഷിച്ചില്ല. ഈ യാത്ര അവന്‌ തനിയേ സഞ്ചരിക്കാനുള്ളതാണ്‌…
സമയം പിന്നേയും മുന്നിലേക്ക് സഞ്ചരിക്കുകയാണ്‌. നിരഞ്ജൻ ചിന്തകളിൽ മുഴുകി പുറത്തേക്ക് നോക്കിയിരിക്കുകയാണ്‌. ഇതേസമയം സേതു കാറിൽ വീട്ടിലേക്ക് സഞ്ചരിക്കുകയായിരുന്നു. മേഘ തീവണ്ടിയുടെ ഏതോ ഒരു കമ്പാർട്ട്മെന്റിലിരുന്ന് പുറംകാഴ്ച്ചകൾ കാണുകയായിരുന്നു. അവളുടെ കാഴ്ച്ചകളിൽ തീവണ്ടി സഞ്ചരിക്കുന്ന പാലത്തിനടിയിലൂടെ പുഴ മുന്നോട്ടൊഴുകി…
train-tracks-love-rail
Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w